മുംബൈ:ആര്യൻഖാന്റെ ലെൻസ് കേസിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നുവെന്ന് ആദ്യം വ്യക്തമാക്കിയ എൻ.സി.ബി. കോടതിയിൽ ഹാജരാക്കിയപ്പോൾ അക്കാര്യത്തിൽനിന്ന് മലക്കം മറിഞ്ഞു. ആര്യൻ ഖാനിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തില്ലെന്നും മൊബൈൽ ഫോണിൽനിന്നു കിട്ടിയ വിവരങ്ങൾ സ്ഥിരീകരിക്കാനാണ് രണ്ടു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതെന്നും എൻ.സി.ബി. വ്യക്തമാക്കി.
ആര്യൻ ഖാന്റെ ഫോണിൽനിന്ന് ലഭിച്ച വീഡിയോ സന്ദേശങ്ങളിൽ ശ്രേയസ് നായരുമായുള്ള വിശദമായ വീഡിയോ ചാറ്റുകളുണ്ട്. ഡാർക്ക് വെബ് വഴി മയക്കുമരുന്ന് ലഭിക്കുന്ന കാര്യങ്ങളും മുംബൈ നഗരത്തിലെ ഏജന്റുമാരെ സംബന്ധിച്ച വിവരങ്ങളും വീഡിയോ ചാറ്റിൽ പറയുന്നു. 2020 ജൂലായ് മുതലുള്ള വാട്സാപ്പ് ചാറ്റുകളാണ് ആദ്യഘട്ടത്തിൽ എൻ.സി.ബി. പരിശോധിച്ചത്. ശ്രേയസ് നായരിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്. പലവട്ടം വലിയ അളവിൽ ശ്രേയസ് നായർ ലഹരി വസ്തുക്കൾ എത്തിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇടപാടുകൾ നടത്തിയത് ക്രിപ്റ്റോ കറൻസി വഴിയായിരുന്നു. ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക്ക് വെബ് ഉപയോഗപ്പെടുത്തിയെന്നും എൻ.സി.ബി. വൃത്തങ്ങൾ പറയുന്നു.
ഡാർക്ക് വെബ്ബിലെ മയക്കുമരുന്ന് സംഘങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ വാട്സാപ്പ് സന്ദേശത്തിലുണ്ട്. ആര്യന്റെ സുഹൃത്തുക്കളെക്കൂടാതെ മറ്റ് അഞ്ച് പ്രതികളിൽനിന്ന് കൊക്കെയ്നും എം.ഡി.എം.എ. യും പിടിച്ചെടുത്തിരുന്നു. അതേസമയം, ഇവരുമായി ആര്യന് ബന്ധമില്ലെന്നും പ്രത്യേക ക്ഷണിതാവായാണ് ആര്യൻ കപ്പലിലെത്തിയതെന്നും ആര്യന്റെ അഭിഭാഷകൻ സതീഷ് മാനെ ഷിന്ദെ പറഞ്ഞു.
ആര്യന്റെ സുഹൃത്തുക്കളായ അർബാസ് സേത് മർച്ചന്റിൽനിന്ന് ആറു ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽനിന്ന് അഞ്ചു ഗ്രാം ചരസുമാണ് പിടികൂടിയതെന്ന് എൻ.സി.ബി. കോടതിയിൽ പറഞ്ഞു. ആര്യന്റെ ഫോണിൽനിന്നു ലഭിച്ച തെളിവുകൾ അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥൻ പറഞ്ഞു.