കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിന് കാരണം കുട്ടികളെ സമയത്തിന് അനുസരിച്ച് കയറ്റിവിടുന്നതിലുണ്ടായ വീഴ്ചയാണെന്ന് വൈസ് ചാൻസിലർ ഡോ പി ജി ശങ്കരൻ. ഓഡിറ്റോറിയത്തിന്റെ സ്റ്റെപ്പുകൾ വീതി കുറഞ്ഞതാണെന്നും ആളുകൾ ഇരച്ചെത്തിയപ്പോൾ അവിടെ നിന്നിരുന്ന കുട്ടികൾ താഴേക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പരിപാടി തുടങ്ങാൻ വൈകുകയും അതനുസരിച്ച് കുട്ടികളെ അകത്ത് കയറ്റുന്നതിൽ താമസം വരികയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ നിന്നും മനസിലാക്കുന്നത്. ആദ്യം കുറച്ച് കുട്ടികൾ മാത്രമാണ് അകത്തുണ്ടായിരുന്നത്. എന്നാൽ 7 മണിക്കാണ് പരിപാടി തുടങ്ങുകയെന്ന് ആയപ്പോൾ ആളുകൾ ഇരച്ച് കയറി.ഓഡിറ്റോറിയത്തിന്റെ സ്റ്റെപ്പ് കുത്തനെയുള്ളതായിരുന്നു. ഇതിന് വീതിയും കുറവായിരുന്നു.ഇതോടെ സ്റ്റെപ്പിൽ ഉണ്ടായിരുന്ന കുട്ടികൾ വീണു. അതിന്റെ പുറത്തേക്കാണ് ആളുകൾ വന്ന് വീണത്. കുട്ടികളെ സമയത്തിന് അനുസരിച്ച് കയറ്റി വിടുന്നതിൽ പാളിച്ച ഉണ്ടായി’, അദ്ദേഹം പറഞ്ഞു.
കാമ്പസിൽ ടെക്ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികളാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻറിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.
സർവ്വകലാശാലയിൽ നവംബർ 24, 25,26 തിയതികളിൽ സ്ക്കൂൾ ഓഫ് എൻജിനീയറിങ് വിഭാഗം നടത്തിയ ടെക്നിക്കൽ ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്സ്‌പേർട്ട് ലക്ചേഴ്സ് എന്നിവയാണ് നടന്നത്. സമീപ കോളേജു കളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നതാണ് പരിപാടി. ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്തുമുണ്ടായി.
പരിപാടി ആരംഭിക്കാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് ദുരന്ത കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.മഴ ആരംഭിച്ചതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തിൽ പടിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീണതിനു മീതെ മറ്റുള്ളവരും വീഴുന്ന ദുരവസ്ഥയുണ്ടായെന്നും ഈ വീഴ്ചയിലാണ് ദുരന്തം സംഭവിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.