തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചെന്നാണ് ഹർജിയിലെ ആരോപണം. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഫെബ്രുവരി 29നാണു കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ഹർജി ഫയൽ ചെയ്തത്. രേഖകള്‍ സഹിതം പരാതി നല്‍കിയെങ്കിലും വിജിലന്‍സ് കേസെടുക്കാന്‍ തയ്യാറായില്ല. കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാണ് മാത്യു കുഴല്‍നാടന്‍റെ ആവശ്യം.
സേവനങ്ങളൊന്നും നല്‍കാതെയാണ് സിഎംആര്‍എല്ലില്‍ നിന്നും വീണ പണം കൈപ്പറ്റിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, സിഎംആര്‍എല്‍, സിഎംആര്‍എല്‍ എം ഡി, എക്‌സാലോജിക് എം ഡി എന്നിവരെല്ലാം എതിര്‍കക്ഷികളാണ്.
ആരോപണങ്ങള്‍ വിജിലൻസ് നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തിയാണ് സർക്കാർ ഹർജിയെ എതിർത്തത്. ആദായനികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിക്കാവില്ലെന്നും, സമാന സ്വഭാവമുള്ള ഹർജികള്‍ നേരത്തെ തീർപ്പാക്കിയതാണെന്നുമാണ് സർക്കാർ വാദിച്ചു.