✍🏼അജാസ് വടക്കേടം
കോട്ടയം : രാവിലെ കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള വേണാടിൽ അതികഠിനമായ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ കമ്പാർട്ട്മെന്റുകളും പരമാവധി ആളുകളുമായാണ് യാത്ര തുടരുന്നത്. ഈ സാഹചര്യത്തിൽ കോളേജ് വിദ്യാർത്ഥികളും യുവാക്കളും വാതിൽപ്പടിയിൽ നിന്നും ഇരുന്നും യാത്ര ചെയ്യുന്നത് തിരക്കിന്റെ കാഠിന്യം ഇരട്ടിപ്പിക്കുന്നതായി പരാതി ഉയരുന്നു.
അതുപോലെ കോട്ടയം മുതൽ ലേഡീസ് കമ്പാർട്ട്മെന്റിലെ വാതിൽപ്പടിയിൽ പുരുഷൻമാർ അനാവശ്യമായി തിരക്കുകൂട്ടുകയും ഇടനാഴിയിൽ കൂട്ടംകൂടി നിന്ന് കോച്ചുകളിൽ പ്രവേശിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുവാണെന്നും എറണാകുളം ജില്ലയെ പഠന ജോലി ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന നിരവധി സ്ത്രീകളെ പ്രതിനിധീകരിച്ച് മഞ്ജുഷ പരാതിപ്പെട്ടു.
ഏറ്റുമാനൂർ, പിറവം സ്റ്റേഷനുകളിൽ നിന്നും സ്ത്രീ യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ പോലും സാഹചര്യമൊരുക്കാതെ വാതിലിൽ നിന്ന യുവാക്കളെ ഇന്ന് പോലീസിന്റെ സഹായത്തോടെ മാറ്റുകയായിരുന്നു. പിന്നിലും മധ്യഭാഗത്തുമായ് ഓരോ ലേഡീസ് കോച്ചുകൾ വീതമാണ് വേണാടിൽ ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകൾ പരാതിപ്പെട്ടപ്പോൾ പിൻവശത്തുള്ള ലേഡീസ് കോച്ചിൽ നിന്നും പോലീസ് എത്തുകയായിരുന്നു. വാതിൽപ്പടിയിലെ യാത്രമൂലം കോച്ചുകളിൽ കയറാനോ ഇറങ്ങാനോ കഴിയാത്ത അവസ്ഥയാണെന്നും മറ്റുയാത്രക്കാർ അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച ദിവസങ്ങളിൽ യാത്ര അതിദയനീയമാണ്. ട്രെയിനുകളിൽ പ്രവേശിക്കുന്നവർ ഇറങ്ങാനുള്ള സൗകര്യം മാത്രം കണക്കാക്കി വാതിൽപ്പടിയിൽ തിങ്ങിനിറഞ്ഞു നിൽക്കുകയാണ്. ഡോറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടാലും കൂട്ടാക്കാത്തതിനാൽ പലർക്കും ട്രെയിനിൽ കയറാനുള്ള സമയം മിക്ക സ്റ്റേഷനിൽ നിന്നും ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ സ്റ്റേഷനിൽ വെച്ച് പുറത്തിറങ്ങാൻ കഴിയാതെ യാത്രക്കാർ അപായ ചങ്ങല വലിച്ചിരുന്നു.
നിയമവിരുദ്ധമായി വാതിൽപ്പടിയിൽ യാത്രചെയ്യുന്നവരെ നീക്കണമെന്നും റെയിൽ മൈത്രിയുടെ സാന്നിധ്യം ലേഡീസ് കോച്ചുകളിൽ ഉറപ്പാക്കണമെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. വാതിൽപ്പടിയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതെ എല്ലാവരും പരമാവധി സഹകരിച്ച് യാത്ര ചെയ്യണമെന്നും സെക്രട്ടറി ലിയോൺസ് ജെ യാത്രക്കാരോട് അഭ്യർത്ഥിച്ചു.