ആലപ്പുഴ: പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഒരു കുഴപ്പവുമില്ലാതെ ഭംഗിയായി പോകുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിണറായി വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത നല്ലതുപോലെ തെളിഞ്ഞുനിൽപ്പുണ്ട്. പിണറായിസർക്കാരിൽ താൻ പൂർണസംതൃപ്തനാണ്. മൂന്നാമതും വരാനുള്ള സാധ്യത ഏറെയുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.
ഈഴവസമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് അവർ വോട്ട് ചെയ്യും. ഈ പാർട്ടിക്കേ വോട്ടു ചെയ്യാവൂ ഇവർക്കേ വോട്ട് ചെയ്യാവൂ എന്നൊരു തീരുമാനം ഏതായാലും എസ്എൻഡിപി യോഗത്തിൽനിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതേക്കുറിച്ച് തീരുമാനിക്കണമെങ്കിൽതന്നെ യോഗത്തിന്റെ ബോർഡും കൗൺസിലും കൂടണം. എങ്കിലേ ഔദ്യോഗിക തീരുമാനം പറയാനാകൂ. തിരഞ്ഞെുപ്പ് പ്രഖ്യാപിക്കട്ടെ. സ്ഥാനാർഥി നിർണയം വരട്ടേ. അത് കഴിഞ്ഞ് ബോർഡ് കൂടി ചർച്ചചെയ്ത് യോഗത്തിന്റെ അഭിപ്രായം പറയും, തിരഞ്ഞെടുപ്പിൽ സമുദായത്തിന്റെ പിന്തുണ ആർക്കാണെന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി നൽകി.
ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്തതിനെ കുറിച്ചുള്ള ചോദ്യത്തിന്, ഇതെല്ലാം തിരഞ്ഞെടുപ്പ് വരെ നിൽക്കും. അതു കഴിഞ്ഞ് സ്വർണവും കാണില്ല. പാളിയും കാണില്ല. അയ്യപ്പനും കാണില്ല. ചർച്ചയും കാണില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടാകും. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വരെ ലൈവ് ആയി നിർത്തും എന്നെ താൻ കരുതുന്നുള്ളൂ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും പാർട്ടികളെ ഉൾപ്പെടുത്തുന്നത് ശരിയല്ല. പല വ്യക്തികളും അയ്യപ്പഭക്തന്മാരായി പോയി തന്ത്രിമാരുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. അത് പാർട്ടിയുടേതാണെന്ന് എങ്ങനെ പറയാനാകും? എൽഡിഎഫിലും യുഡിഎഫിലും പെട്ടവരുണ്ടാകും, വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി ഇത്തവണ വോട്ട് ശതമാനം കൂട്ടുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിൽ പിന്നീട് വലിയ മാറ്റം കേരളത്തിലുണ്ട്. സീറ്റ് കിട്ടുമോ ഇല്ലയോ എന്നതിനേക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. കഴിഞ്ഞതവണത്തേക്കാൾ വോട്ട് ശതമാനം കൂടും. മാധ്യമങ്ങളോട് തനിക്ക് വഴക്കില്ല. പൊട്ടിയെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്ന് കേട്ടിട്ടില്ലേ. കിട്ടിയില്ലേ, എന്നെ ചതിച്ചവനെല്ലാം കിട്ടിയില്ലേ. ചില മാധ്യമങ്ങൾക്ക് എന്റെ ചോര കുടിച്ചേ തീരൂ എന്നുണ്ട്. അവർക്കൊക്കെ ദൈവം ശിക്ഷ കൊടുത്തില്ലേ, എന്നും വെള്ളാപ്പള്ളി ചോദിച്ചു.
SNDP Yogam General Secretary Vellappally Natesan stated that the Pinarayi Vijayan government is likely to secure power for a third consecutive term. Responding to queries regarding the state government’s performance, Natesan remarked that the administration is functioning smoothly and effectively. He expressed full satisfaction with the current government’s actions, noting that the possibility of a “third shift” (third term) for Pinarayi Vijayan is clearly evident.


