കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രി ആകണമെന്ന് പറയേണ്ടത് കോണ്‍ഗ്രസ് ആണ്, ലീഗ് അല്ല; യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്; ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല; ഇത് പാകിസ്ഥാനല്ല, കേരളമാണ്; കൂടെ നില്‍ക്കാത്തവരെ ഒക്കെ ലീഗ് ശത്രുവാക്കുന്നു; ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എല്‍ഡിഎഫ് വരുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി സര്‍ക്കാര്‍ വരുമെന്ന പറഞ്ഞ വെളളാപ്പള്ളി ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് പക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു. ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും എല്‍ഡിഎഫ് വരുമെന്നാണ് കണക്ക് കൂട്ടല്‍. ലീഗ് നേതാക്കള്‍ പറയുന്നത് സതീശന്‍ മുഖ്യമന്ത്രി ആകണമെന്നാണ്. ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാന്‍ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാദിഖലി തങ്ങളുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രി ആകണമെന്ന് കോണ്‍ഗ്രസ് ആണ് പറയേണ്ടത്, ലീഗ് അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ലീഗായിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. മാറാട് ആവര്‍ത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാല്‍ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു എന്നാണ് അര്‍ത്ഥം. അവിടെ മതാധിപത്യം ജയിക്കും. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഹോമവും തുലാഭാരവും നടത്തുന്ന നേതാക്കളാണ്. ഇവരൊക്കെ അധികാരത്തില്‍ വന്നാല്‍ എന്താവും അവസ്ഥ? കെ സി വേണുഗോപാലും സതീശനും ചെന്നിത്തലയും പരവശരായി നടക്കുകയാണ്.

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടായി എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷം ഭരണത്തില്‍ ഇരുന്നപ്പോള്‍ ഉറങ്ങിപ്പോയി. താഴെ തട്ടില്‍ ഉള്ളവരായ എല്‍ഡിഎഫ് അണികള്‍ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നില്ല. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് വിചാരിച്ചപോലെ കിട്ടിയിട്ടില്ല. ബിജെപി നല്ല പ്രകടനം കാഴ്ച വെച്ചുവെന്നും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം മികച്ചതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വോട്ട് വിഹിതം വര്‍ധിപ്പിച്ചേക്കും. ബിജെപി പിടിക്കുന്ന വോട്ടുകള്‍ രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയാകും.

ഇത് പാകിസ്ഥാനല്ല, കേരളമാണ്. കൂടെ നില്‍ക്കാത്തവരെ ഒക്കെ ലീഗ് ശത്രുവാക്കുന്നു. കൂടെ നിന്നപ്പോള്‍ എന്നെ പൊക്കികൊണ്ട് നടന്നില്ലേ? കൂടെ നില്‍ക്കാത്തപ്പോള്‍ എന്റെ കോലം വരെ കത്തിച്ചു. ലീഗിനെ വിമര്‍ശിച്ചാല്‍ മുസ്ലീം സമുദായത്തെ വിമര്‍ശിച്ചു എന്ന് ആക്കി മാറ്റുന്നു. മലപ്പുറം ലീഗിന്റെ രാജ്യമല്ല. അത് പറയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധൈര്യമില്ല. യുഡിഎഫ് അധികാരത്തില്‍ വരരുത് എന്നാണ് ആഗ്രഹം. അതുകൊണ്ട് മുഖ്യമന്ത്രി ആരാകണമെന്ന് പറയുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വരരുത് എന്നാണ് എന്റെ ആഗ്രഹം. പിണറായി വരണം എന്നാണ് ആഗ്രഹം

പിണറായി ഒരു ശുദ്ധനാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ല എന്നതാണ് പ്രശ്‌നമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പലതും അറിയുന്നില്ല. ആലപ്പുഴ ഉള്‍പ്പടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പാളി. അതില്‍ നിരാശനായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടിച്ചു കയറി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ആധിപത്യമാകുമെന്നും മതാധിപത്യം വളരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനാണ് കൂടുതല്‍ ആളുകളുടെ പിന്തുണയെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. എക്‌സിറ്റ് പോളില്‍ വി.ഡി സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'അതെ, അത് അങ്ങനെ തന്നെയാണല്ലോ. ആളുകള്‍ ആ രീതിയില്‍ വിധി എഴുതുന്നു. ആളുകളുടെ അഭിപ്രായം അതാണ് എന്നാണ് തനിക്ക് തോന്നുന്നത്. ആളുകള്‍ ആ രീതിയില്‍ വിധി എഴുതിയിട്ടുണ്ടാകും' -അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News