ആലപ്പുഴ:തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സഭയാണ് താരമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ പിന്തുണ ആര്‍ക്കാണെന്ന കാര്യം പുറത്ത് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളല്ല താരം. സഭയാണ് താരം. സഭ അവിടെ തിളങ്ങി നില്‍ക്കുകയാണ്. പക്ഷേ ഈ ട്രെന്‍ഡ് മാറാം. കുറച്ച് ദിവസം കഴിഞ്ഞാല്‍ സഭയെ താഴെവെച്ച് സ്ഥാനാര്‍ത്ഥികളെ താരം ആക്കിയേക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു. ഇത് സൗഹൃദ സന്ദര്‍ശനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. അതിനെ തള്ളുന്നില്ല. കുടുംബത്തോടെ മത പരിവര്‍ത്തനം നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എഎന്‍ രാധാകൃഷ്ണന്‍ കണിച്ചുകുളങ്ങരയിലെത്തിയാണ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും, വെള്ളാപ്പള്ളിയുടെ വീട് തനിക്ക് തറവാട് പോലെയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 20 ട്വന്റിയും ആപ്പും മത്സരിക്കാന്‍ ഇല്ലാത്തത് ഗുണം ചെയ്യും. ഭരണവിരുദ്ധ വികാരം നില്‍ക്കുന്നുണ്ട്. ത്രികോണ പോരാട്ടത്തില്‍ ഇത് ഗുണം ചെയ്യുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോര് ആരംഭിച്ച് കഴിഞ്ഞു. യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപന സമിതിക്ക് രൂപം നല്‍കി. വിലക്കയറ്റം പ്രധാന അജണ്ടയാണന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ ചര്‍ച്ചയാക്കും. തൃക്കാക്കരയില്‍ കെവി തോമസ് നിര്‍ണായക ഘടകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മണ്ഡലത്തില്‍ എഎപിക്കും ട്വന്റി ട്വന്റിക്കും സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത് ഒരു പ്രതിസന്ധിയേ അല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. സിപിഎമ്മിന് എന്നല്ല, ആര്‍ക്കും അതൊരു വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തിരഞ്ഞെടുപ്പും ആവര്‍ത്തനമല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയാണ് പ്രധാനം. ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മത്സരിക്കുന്നത്. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ജനസമ്മതി വര്‍ധിപ്പിച്ചിട്ടുണ്ട്. യുഡിഎഫിന്റെ തകര്‍ച്ചയുടെ ആഴം തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകും. കേരളത്തിലെ പ്രധാനപ്പെട്ട മുന്നണികള്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപിയുമാണ്. ബാക്കി പാര്‍ട്ടികള്‍ രാഷ്ട്രീയ മേഖലയില്‍ പ്രസക്തരല്ല. എല്‍ഡിഎഫിനും യുഡിഎഫിനും മാത്രമേ എംഎല്‍എമാര്‍ ഉള്ളൂ എന്നതാണ് വസ്തുതയെന്നും വിജയരാഘവന്‍ വ്യക്തമാക്കി.