ആലപ്പുഴ: പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടം രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസും രാഹുലുമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. പ്രശ്‌നം ഉടലെടുത്ത ആദ്യകാലത്ത് പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം രാഹുല്‍ മാങ്കൂട്ടത്തില്‍ പുണ്യവാളന്റെ വേഷമായിരുന്നു അണിഞ്ഞിരുന്നത്. ആ പൊയ്മുഖം ഇപ്പോള്‍ അഴിഞ്ഞുവീണു.
തന്റെ പേരില്‍ കേസില്ലാത്ത സ്ഥിതിക്ക് എന്തിന് രാജിവെക്കണമെന്ന് ചോദിച്ച രാഹുലിനെതിരെ ഇപ്പോള്‍ കേസുണ്ട്. മഷിയിട്ടാല്‍ കാണാത്ത വിധം ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഒരാളെ അല്ല, പല സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് രാഹുല്‍. രാഹുലിന്റെ ക്രൂരതകള്‍ ചൂണ്ടിക്കാട്ടി ഒരു യുവതി പരാതി നല്‍കിയ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് രാഹുലിന്റെ മനഃസാക്ഷി തന്നെ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍തന്നെ രാഹുലിനെ പിന്താങ്ങിയവരും പുറന്തള്ളിയവരുമുണ്ട്. കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് ഈ വിഷയം കാരണമായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസിലെ പ്രഗത്ഭരില്‍ ഒരാളെന്ന നിലയില്‍ വാനോളം പൊക്കിക്കൊണ്ടുനടന്ന രാഹുല്‍ തകര്‍ന്ന് തരിപ്പണമായി ആളുകളെല്ലാം ചവിട്ടിതേക്കുന്ന ഒരു അവസ്ഥയിലേക്ക് മാറി. ഇതിന്റെ ഉത്തരവാദി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണ്. താന്‍ ചെയ്ത തെറ്റുകളില്‍ ഉത്തമബോധ്യവും പശ്ചാത്താപവും ഉണ്ടെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.


