KeralaNews

ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവാണ് പി സി ജോർജ്ജ് : വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻ കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിൽ തെറ്റില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. തോമസ് ചാഴിക്കാടൻ കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിൽ പുതുമ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അതേസമയം പി സി ജോർജ്ജിനെ വിമർശിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിൽ ഒരു രക്ഷയും ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് പി സി ജോർജ്ജെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവുമാണ് പി സി ജോർജ്ജ്. ഉമ്മൻചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോർജ്ജെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

പന്നനായ രാഷ്ട്രീയ നേതാവാണ് പി സി ജോർജ്ജ്. ഇപ്പോൾ ആർക്കുവേണം പിസി ജോർജ്ജിനെ. ആർക്കും വേണ്ടാതായപ്പോൾ പിസി ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം എന്ന പാർട്ടി അങ്ങനെ ജനിക്കുകയും മരിക്കുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പിസി ജോർജ്ജിന് ദയനീയ പരാജയം ഉണ്ടാകും. ബിജെപിക്കാർ പോലും പി സി ജോർജ്ജിന് വോട്ട് ചെയ്യുമോ എന്ന സംശയം തനിക്ക് ഉണ്ട് ‘, വെള്ളാപ്പള്ളി പറഞ്ഞു.

ഒരു രക്ഷയും ഇല്ലാത്തവരെല്ലാം ചെന്ന് ചേരാനുള്ള വഴിയമ്പലം ആണോ ബിജെപിയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. നരേന്ദ്രമോദിയെ ഇളക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പോലും മോദിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കുന്നില്ല. നരേന്ദ്രമോദി ഇനിയും അഞ്ചുകൊല്ലം കൂടി ഭരിക്കും എന്ന് ഉറപ്പാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button