തിരുവനന്തപുരം : കോവിഡ് തീവ്രത നിലനില്‍ക്കുന്നതിനാല്‍ വാഹനം നിര്‍ത്തി രേഖ പരിശോധിക്കുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മോട്ടോര്‍ വാഹന വകുപ്പ്.
വാഹനങ്ങളുടെ നിയമ ലംഘനമുള്‍പ്പെടെയുള്ളവ കാമറയില്‍ പകര്‍ത്തി പിഴ ചുമത്താനാണ് തീരുമാനമെന്ന് എന്‍ഫോഴ്സ്മന്റ് ആര്‍.ടി.ഒ അനന്തകൃഷ്ണന് പറഞ്ഞു. കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും യാത്ര തടസ്സമുണ്ടാകുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ കേസ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹന നിയമലംഘനങ്ങള്‍ക്കൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള യാത്രകളും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാവുകയും സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് ‘ഫോം ജി’ സമര്‍പ്പിച്ച് സ്വകാര്യ ബസുകള്‍ ഷെഡില്‍ കയറ്റാന്‍ നീക്കം.
സംസ്ഥാനത്ത് 45 ശതമാനം സ്വകാര്യ ബസുകള്‍ ഇതിനകം സര്‍വിസ് നിര്‍ത്തിവെച്ചതായാണ് കണക്ക്. ഫോറം ജി സമര്‍പ്പിച്ചാല്‍ ഉപയോഗിക്കാത്ത ബസിന് നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയവ അടക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തില്‍ ബസ് നിര്‍ത്തിയിടുന്നതാണ് മെച്ചമെന്നാണ് സ്വകാര്യബസ് ഉടമകള്‍ പറയുന്നത്. അതേസമയം, നികുതിയിളവിലാണ് ബസുകള്‍ ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. മേയ് മാസത്തില്‍ ഈ ഇളവ് അവസാനിക്കും.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ബസുകള്‍ക്ക് നികുതിയില്ല. വാഹനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തി ടെസ്റ്റ് ബ്രേക്ക് എടുക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പോലും സര്‍വിസ് മുതലാവുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതിന് പിന്നാലെ നിന്ന് യാത്ര അനുവദിക്കുന്നില്ലെന്ന് വന്നതാണ് കൂടുതല്‍ പ്രതിസന്ധിക്ക് കാരണം.