33.4 C
Kottayam
Friday, May 3, 2024

സ്ഥാനങ്ങള്‍ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ സഖാവേ; ചിന്താ ജെറോമിനെതിരെ അഡ്വ. വിണ എസ് നായര്‍

Must read

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ചിന്താ ജെറോമിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായരുടെ തുറന്ന് കത്ത്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു വീണ ചിന്ത ജെറോമിനെതിരെ രംഗത്ത് എത്തിയത്.

അഡ്വ. വീണ എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ സഖാവ് ചിന്ത ജെറോമിന് തുറന്ന കത്ത് സഖാവെ, കേരളത്തിലെ യുവജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി സമരം ചെയ്യുന്നത് അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു. പി.എസ്.സി പരീക്ഷ കോപ്പിയടിക്കാതെ എഴുതി റാങ്ക് ലിസ്റ്റില്‍ കയറിയവരാണ് അവര്‍. അവരുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് അവര്‍ക്ക് അര്‍ഹതപ്പെട്ട ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് അവര്‍ സമരം ചെയ്യുന്നത്. 5% പോലും നിയമനങ്ങള്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നടക്കുന്നില്ല.

താല്‍ക്കാലിക , പിന്‍വാതില്‍ നിയമനക്കാരെ കൂത്തോടെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സര്‍ക്കാര്‍. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നീയമസഭയിലെ മറുപടി പ്രകാരം സംസ്ഥാനത്ത് 36,18,084 പേരാണ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്സ് ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1,58,243 പേരാണ്. അതില്‍ തന്നെ 11,445 പേര്‍ മെഡിക്കല്‍ ബിരുദധാരികളും 52, 473 പേര്‍ എഞ്ചിനിയറിങ് ബിരുദധാരികളും ആണ്.

വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 3.18 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത് ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇതു പോലുള്ള പിന്‍വാതില്‍ നിയമനങ്ങളും സ്ഥിരപ്പെടുത്തലും തകൃതിയായി നടക്കുകയാണ്. യുവജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണല്ലോ യുവജന കമ്മീഷന്‍ ശ്രദ്ധിക്കേണ്ടത്.

യുവജനങ്ങളുടെ പേരില്‍ 37 ലക്ഷത്തോളം രൂപ ശമ്പളമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സഖാവ് കൈപ്പറ്റിയിട്ടുണ്ടന്ന് വിവരവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. സഖാവ് ആ ഓഫിസില്‍ നിന്ന് ഇറങ്ങി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണം, അവരുടെ പരാതി കേള്‍ക്കണം , പരാതി പരിഹരിക്കാന്‍ മുന്‍ കൈയെടുക്കണം. ഇതൊക്കെ ചെയ്യാന്‍ വേണ്ടിയാണ് യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ പോസ്റ്റ്. സ്ഥാനങ്ങള്‍ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ സഖാവ് ചിന്താ ജേറോം.

അഡ്വ വീണ എസ് നായര്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week