കഞ്ചാവ് കേസിൽ വേടനും കൂട്ടുകാര്‍ക്കും ജാമ്യം;പുലിപ്പല്ലിൽ കുടുങ്ങി; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. ഫ്‌ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാലാണ് സ്റ്റേഷന്‍ജാമ്യം കിട്ടിയത്. വേടനൊപ്പം കേസില്‍ അറസ്റ്റ് ചെയ്ത മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ എട്ടുപേരെയും ജാമ്യത്തില്‍വിട്ടു.

അതിനിടെ, മാലയില്‍നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതോടെ വേടനെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. വേടന്‍ ധരിച്ചിരുന്നത് അഞ്ചുവയസ്സ് പ്രായമുള്ള പുലിയുടെ പല്ലാണെന്നാണ് വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. നേരത്തേ, തായ്‌ലാന്‍ഡില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസില്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News