ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും സഹായവും; വി.ഡി.എസ് സർക്കാരിന്റെ കന്നി നയപ്രഖ്യാപനത്തിൽ ജനപ്രിയ പദ്ധതികളുടെ പെരുമഴ

വന്ദേമാതരത്തിൻ്റെ 6 വരികൾ മാത്രം, ലോക്ഭവൻ്റെ നിർദേശം പാലിക്കാതെ സഭാസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: നാടിന്റെ വികസനക്കുതിപ്പിനൊപ്പം സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന ഒട്ടനവധി ജനപ്രിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ കന്നി നയപ്രഖ്യാപനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റികള്‍’ പൂര്‍ണ്ണമായും നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ഇതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ‘ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്’ പദ്ധതി, കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി ഉയര്‍ത്തല്‍ എന്നിവ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയില്‍ ചെലവുകുറഞ്ഞതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ രംഗത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനവുമുണ്ട്.

സ്ത്രീകളുടെയും വിദ്യാര്‍ത്ഥിനികളുടെയും ക്ഷേമത്തിനായി വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം വരെ ‘ആര്‍ത്തവ അവധി’ അനുവദിക്കും. ഈ അവധി ദിവസങ്ങള്‍ക്ക് പകരമായി വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ ഏര്‍പ്പെടുത്തും. കൂടാതെ, സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആറ് മാസത്തെ പ്രസവം അവധി നിര്‍ബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. തദ്ദേശ സ്വയംഭരണ തലത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ‘വയോമിത്രം’ പദ്ധതിയും, ഡിമന്‍ഷ്യ ബാധിതര്‍ക്കായി ഡേ കെയറുകളും സ്ഥാപിക്കും.

ലഹരി മാഫിയയ്‌ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതി നടപ്പാക്കുകയും, ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും. കുട്ടികളും യുവാക്കളും ലഹരിയുടെ പിടിയിലാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം എക്‌സൈസ് വകുപ്പ് പൂര്‍ണ്ണമായി നവീകരിക്കുകയും മദ്യസക്തി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി നിലവിലുള്ള എക്‌സൈസ് നയത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തും. വിവരസാങ്കേതിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഐടി വകുപ്പിന്റെ പേര് ‘ഐടി, ഫ്യൂച്ചര്‍ ടെക്‌നോളജി ആന്‍ഡ് സ്റ്റാര്‍ട്ടപ്പ്’ എന്ന് പുനര്‍നാമകരണം ചെയ്യും. ഐടി മിഷനെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷനാക്കി മാറ്റുകയും ചെയ്യും.

കാര്‍ഷിക, ഭൂമി മേഖലകളില്‍ ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയങ്ങള്‍. കര്‍ഷകരുടെ ഉന്നമനത്തിനായി റബ്ബര്‍ ഉള്‍പ്പെടെയുള്ള വിളകളുടെ താങ്ങുവില ഉയര്‍ത്തും. മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജന മേഖലയ്ക്കായി പ്രത്യേക ‘സ്‌പൈസ് പാര്‍ക്ക്’ സ്ഥാപിക്കും. നിരന്തരമായ വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുകയും, റവന്യൂ വകുപ്പ് പൂര്‍ണ്ണമായും ഡിജിറ്റലാക്കി പട്ടയവിതരണം കാര്യക്ഷമമാക്കുകയും ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പട്ടയങ്ങള്‍ ഉപാധിരഹിതമാക്കാനും ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കാനും നടപടിയുണ്ടാകും. നെല്‍വയല്‍-നീര്‍ത്തട നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കും.

കൂടാതെ, സഹകരണ മേഖലയിലെ തട്ടിപ്പുകളെ കര്‍ശനമായ നിയമനടപടികളിലൂടെ നേരിട്ട് മേഖലയെ അഴിമതിമുക്തമാക്കും. വിനോദസഞ്ചാര മേഖലയില്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനൊപ്പം ഉത്തരവാദിത്ത ടൂറിസവും തീര്‍ത്ഥാടന ടൂറിസവും വ്യാപിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്രമേള (IFFK) തിരുവനന്തപുരം കൂടാതെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളത്തിന്റെ ചരിത്രം സംരക്ഷിക്കാന്‍ ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് സ്ഥാപിക്കും. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കാന്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും അവയിലെ മണല്‍ നീക്കം ചെയ്യുകയും ചെയ്യും.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ബൈപ്പാസുകള്‍ നാലുവരിപ്പാതകളാക്കി മാറ്റും. പൊതുഗതാഗതം ആധുനികവല്‍ക്കരിക്കുകയും ഒരു സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുകയും ചെയ്യും. കേരളത്തെ വലിയൊരു പോര്‍ട്ട് ഹബ്ബാക്കി മാറ്റുന്നതിനൊപ്പം കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും. വ്യവസായ ആവശ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഭൂമി ലഭ്യമാക്കാന്‍ ‘ലാന്‍ഡ് ബാങ്ക്’ സ്ഥാപിക്കുന്നതിനൊപ്പം ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കും. യുവാക്കളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. വഖഫ് ബോര്‍ഡ് നവീകരിക്കാനും വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടും.

പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ചരിത്രപരമായ തുടക്കം കുറിച്ചുകൊണ്ട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഗവര്‍ണര്‍ ആരംഭിച്ച പ്രസംഗത്തില്‍, സര്‍ക്കാരിന്റേത് തികച്ചും സുതാര്യവും ജനാഭിമുഖവും മാനുഷികതയിലൂന്നിയതുമായ സമീപനമായിരിക്കുമെന്ന് പ്രഖ്യാപിച്ചു.

സംസ്ഥാനം നിലവില്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ധനകാര്യ ധവളപത്രം പുറപ്പെടുവിക്കുമെന്ന സുപ്രധാന പ്രഖ്യാപനത്തോടെയാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. നാടിന്റെ വികസനക്കുതിപ്പിനൊപ്പം സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന ഒട്ടനവധി ജനപ്രിയ പദ്ധതികളാണ് പുതിയ സര്‍ക്കാരിന്റെ നയരേഖയില്‍ ഇടംപിടിച്ചിരിക്കുന്നത്.

The first policy address of the V.D. Satheesan (VDS) government introduced a wave of popular and strict welfare schemes in Kerala. Adopting a ‘zero tolerance’ policy against drug mafias, the government announced ‘Operation Toofan,’ under which properties of drug case accused will be confiscated. In a historic move for women’s welfare, menstrual leave will be granted to school students, alongside educational financial assistance for college girls. Additionally, the government announced the ‘Oommen Chandy Insurance Scheme’ and a revised pension of Rs 3,000 per month for eligible beneficiaries.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News