കൊച്ചി:മലയാളത്തിലെ എണ്ണംപറഞ്ഞ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നായ ‘സന്ദേശം’ ഒരുപാട് പേരുടെ ജീവിതം മാറ്റിമറിച്ച ചിത്രമാണ്. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചിത്രവുമായി ബന്ധപ്പെട്ട തന്റെ അനുഭവം പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ്. കോൺഗ്രസിന്റെ 139ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന എൻജി ജയചന്ദ്രനെ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഎൽബി പഠനം പൂർത്തിയാക്കി എൻറോൾ ചെയ്തെങ്കിലും കെഎസ്‌യു വിടാനുള്ള മടി കാരണം ജോലിക്ക് പോകാതെ ഉഴപ്പി നടന്ന താൻ ‘സന്ദേശം’ കണ്ടതിന്റെ പിറ്റേന്ന് മുതൽ ജോലിക്ക് പോയിത്തുടങ്ങിയെന്നാണ് സതീശൻ വെളിപ്പെടുത്തയത്. സത്യൻ അന്തിക്കാടിനെ വേദിയിലിരുത്തി കൊണ്ടായിരുന്നു സതീശന്റെ തുറന്നുപറച്ചിൽ.
‘പരീക്ഷയൊക്കെ നല്ല മാർക്കോടെ പാസായി ഞാൻ എൻറോൾ ചെയ്‌തു. എൻറോൾ ചെയ്തെങ്കിലും കെഎസ്‌യു വിടാനുള്ള മടി കൊണ്ട് പ്രാക്‌ടീസ് ചെയ്യാൻ പോയില്ല. വീട്ടിലൊക്കെ പറഞ്ഞെങ്കിലും ഞാൻ മൊത്തതിൽ ഉഴപ്പി കുറേക്കാലം നടന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ ‘സന്ദേശം’ എന്ന സിനിമ കാണുന്നത്. ആ സിനിമയുടെ അവസാനം ശ്രീനിവാസൻ എല്ലാ രാഷ്ട്രീയ പ്രവർത്തനവും നിർത്തിവച്ച് വക്കീലായി പ്രാക്‌ടീസ് ചെയ്യാൻ പോവുന്നുണ്ട്’ വിഡി സതീശൻ പറഞ്ഞു.
‘എനിക്ക് വേണ്ടി വക്കീൽ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയായിരുന്നു. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, ഞാൻ അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം ഞാൻ വക്കീൽ ഓഫിസിൽ പോയി തുടങ്ങി. ഈ സംഭവം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.’ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
‘ഇന്ന് ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ എന്റെ ഏറ്റവും വലിയ പിൻബലം ചുരുങ്ങിയ കാലമെങ്കിലും അഭിഭാഷകൻ എന്ന നിലയിൽ പ്രാക്‌ടീസ് ചെയ്‌തതിന്റെ പരിചയസമ്പത്തും സന്തോഷവുമാണ്. നിയമപരമായ കാര്യങ്ങൾ സംസാരിക്കുമ്പോഴും അത്തരം കാര്യങ്ങളിൽ ഇടപെടുമ്പോഴും 5-8 വർഷം പ്രാക്‌ടീസ് ചെയ്‌തത് വലിയ അനുഭവമാണ് നൽകുന്നത്.’ അദ്ദേഹം പറഞ്ഞു.
അതിന്റെ കാരണക്കാരൻ സത്യൻ അന്തിക്കാട് ആണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. മുൻപ് പലവട്ടം ഇത് തുറന്നുപറയണമെന്ന് കരുതിയിരുന്നു. എന്നാലും പറഞ്ഞില്ല. ഈ ചിത്രം കണ്ടതിന്റെ പിറ്റേന്ന് മുതൽ ഞാൻ ഓഫീസിൽ ഹാജരാണ്. പിന്നീട് വളരെ ആത്മാർത്ഥമായാണ് ഓഫീസിൽ ജോലി ചെയ്‌തത്. രാത്രി വൈകുന്നത് വരെയൊക്കെ ജോലി ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും സതീശൻ കൂട്ടിച്ചേർത്തു.