FeaturedHome-bannerKeralaNews

വിസിമാർ രാജിവച്ചില്ല, 6 പേർ മറുപടി നൽകി; ഹൈക്കോടതിയില്‍ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ്

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30 ന് അകം രാജിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ അസാധാരണ നിർദേശം വിസിമാർ തള്ളിയതോടെ ഗവർണറുടെ അടുത്ത നടപടി നിർണായകം. രാജിവയ്ക്കാൻ വിസിമാർക്ക് ഗവർണർ നൽകിയ സമയപരിധി അവസാനിച്ചതോടെ ഇവർ നിയമവഴി തേടുകയാണ്.

കണ്ണൂർ, എംജി, കോഴിക്കോട് സർവകലാശാലാ വൈസ് ചാൻസലർമാർ വിഷയത്തിൽ നിയമോപദേശം തേടി. ആറു വിസിമാർ ഗവർണറുടെ കത്തിന് മറുപടി നൽകി. നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് എംജി, കെടിയു, കുഫോസ് ഒഴികെയുള്ള വിസിമാരുടെ രേഖാമൂലമുള്ള മറുപടി. വിസിമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. വൈകിട്ട് നാലുമണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുക.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്), എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെ വിസിമാർക്കാണ് രാജിവയ്ക്കാൻ രാജ്ഭവൻ അടിയന്തര നിർദേശം നൽകിയത്. സാങ്കേതിക സർവകലാശാല വിസി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു‌പിടിച്ചായിരുന്നു ഗവർണറുടെ ഉത്തരവ്.

ഗവര്‍ണറുടെ അന്ത്യശാസനം നിയമപരമായി നേരിടുമെന്ന നിലപാടാണ് സർക്കാർ ആവർത്തിച്ചത്. ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് ഗവർണറുടെ ശ്രമമെന്നും ഇത്തരം ഭീഷണികൾക്ക് വൈസ് ചാൻസലർമാർ വഴങ്ങേണ്ടതില്ലെന്നുമാണു സർക്കാർ നിലപാട്. 9 സർവകലാശാലാ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെടുന്ന ഗവർണറുടെ തീരുമാനം പരീക്ഷാ നടത്തിപ്പിനെയടക്കം ബാധിച്ചേക്കുമെന്നു സർക്കാർ കോടതിയെ ബോധിപ്പിക്കും. സീനിയര്‍ പ്രഫസര്‍മാരുടെ പട്ടിക നേരത്തെ തന്നെ ഗവര്‍ണര്‍ ശേഖരിച്ചിരുന്നു. ഈ നടപടിയെ ഇന്നു നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ അജന്‍‍ഡയാണെന്നും ഇത്തരം നീക്കങ്ങൾ ജനങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് സിപിഎം നിലപാട്.

നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിയമിച്ച വൈസ് ചാൻസലർമാർ ഇത്ര മണിക്കകം രാജിവച്ചു കൊള്ളണമെന്നു കല്പിക്കാൻ ആർക്കും അധികാരമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സാമാന്യ നീതി പോലും നിഷേധിക്കുന്ന അമിതാധികാര പ്രവണത അനുവദിച്ചു കൊടുക്കാനാവില്ലെന്നും സർക്കാർ സർവീസിലെ ജീവനക്കാരനടക്കമുള്ള ഒരാളെയും നോട്ടിസ് കൊടുക്കാതെ, അവർക്കു പറയാനുള്ളതു കേൾക്കാതെ പിരിച്ചു വിടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button