ആലപ്പുഴ: വയലാർ റെയിൽവേ സ്റ്റേഷനുസമീപം തീവണ്ടിതട്ടി മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്കു ലഭിച്ചത് തലയില്ലാതെ. ശവസംസ്കാരം നടത്തിയതിനു പിറ്റേന്ന് പാളത്തിനു സമീപത്തുനിന്ന് തല കണ്ടെത്തി. പോലീസ് തല കൈമാറിയപ്പോൾ വീട്ടുകാർക്ക് വീണ്ടും സംസ്കാരം നടത്തേണ്ടിവന്നു. സംഭവത്തിൽ പട്ടണക്കാട് പോലീസിനെതിരേ വിമർശനമുയർന്നു. എന്നാൽ, വീട്ടുകാർ പരാതി നൽകിയിട്ടില്ല.
വയലാർ കളേഴത്ത് മേറിവില്ലയിൽ കെ.എം. വിജയ(61)നെ 10-നു രാവിലെയാണ് വയലാർ റെയിൽവേ സ്റ്റേഷനു സമീപം തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചിതറിയ നിലയിലായിരുന്നു. പലയിടത്തുനിന്നായി ശേഖരിച്ച അവശിഷ്ടമാണ് പോസ്റ്റ്മോർട്ടം നടത്തി പട്ടണക്കാട് പോലീസ് ബന്ധുക്കൾക്കു കൈമാറിയത്. അന്ന് തല കണ്ടെത്താനായിരുന്നില്ല. തിരിച്ചറിയാനാകാത്ത നിലയിലായിരുന്ന മൃതദേഹം ശനിയാഴ്ച കാവിൽ സെയ്ന്റ് മൈക്കിൾസ് പള്ളിയിൽ സംസ്കരിച്ചു.
ഞായറാഴ്ച രാവിലെ അപകടം നടന്നിടത്തുനിന്നു തെക്കുമാറി പാളത്തിനുസമീപം നാട്ടുകാർ തല കണ്ടെത്തി. സംഭവമറിഞ്ഞ് പോലീസെത്തി പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു കൈമാറി. ഡി.എൻ.എ. പരിശോധനയ്ക്ക് സാംപിളുമെടുത്തു. തുടർന്ന് തല മാത്രമായി വീണ്ടും സെമിത്തേരിയിൽ സംസ്കരിച്ചു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായും മൃതദേഹത്തോട് അനാദരം കാട്ടിയതായും ആരോപണമുയർന്നിട്ടുണ്ട്.
അപകടം നടന്നിടത്തു പരിശോധന നടത്തിയെങ്കിലും തല കണ്ടെത്താനായിരുന്നില്ലെന്നും ഇക്കാര്യം ബന്ധുക്കളെ ജനപ്രതിനിധി എം.ജി. നായരുടെ സാന്നിധ്യത്തിൽ ബോധ്യപ്പെടുത്തിയാണ് മൃതദേഹം കൈമാറിയതെന്നും പോലീസ് പറഞ്ഞു.


