KeralaNews

വാവ സുരേഷിന്റെ ആരോഗ്യനില, ഏറ്റവും പുതിയ വിവരങ്ങളിങ്ങനെ

കോട്ടയം:വാവ സുരേഷിന്റെ ആരോഗ്യ നില വിശദീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി.കെ ജയകുമാർ. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.ടി.കെ ജയകുമാർ അറിയിച്ചു.

വാവ സുരേഷ് വെന്റിലേറ്ററിൽ തന്നെ തുടരേണ്ടി വരുമെന്ന് ഡോക്ടർ വ്യക്തമാക്കി. ഇനിയും പ്രതിവിഷവും, ആന്റിബയോട്ടിക്കും, നുട്രീഷൻ സപ്പോർട്ടും, ഫിസിയോ തെറാപ്പി നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവഹമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർ വ്യക്തമാക്കി.

വാവ സുരേഷിന് യാത്രാ മധ്യേ തന്നെ ഹൃദയാഘാതം സംഭവിച്ചതായി സ്ഥിരീകരിച്ച് ഡോക്ടർ.സ്വകാര്യ ആശുപത്രിയിലെത്തുമ്പോൾ ഹൃദയമിടിപ്പ് 20 മാത്രമായിരുന്നു. എത്രമാത്രം സമയം തലച്ചോറിലേക്ക് രക്തയോട്ടം ഉണ്ടായില്ല എന്നതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടർ ആരോഗ്യ പ്രശ്‌നങ്ങൾ എന്തെല്ലാം ഉണ്ടാകാം എന്നതിനെ കുറിച്ച് അറിയാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ആദ്യം പ്രതികരണം കുറവായിരുന്നുവെങ്കിലും നിലവിൽ ചോദ്യങ്ങളോടും മറ്റും പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. അടുത്ത 48 മണിക്കൂർ വരെ നിർണായകമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റി വെനം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button