തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും എന്നുറപ്പ് വന്നതിനാല്‍ സ്ഥാനാര്‍ത്ഥി ആലോചനകള്‍ നേരത്തെ തന്നെ മുന്നണികള്‍ ആരംഭിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേമായ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആലോചനകള്‍ നേരത്തെ തന്നെ സി.പി.ഐ.എം ആരംഭിച്ചിരുന്നു. മുന്‍ എം.എല്‍.എയും സ്പീക്കറുമായിരുന്ന എം.വിജയകുമാറിന്റെയും തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്റെയും പേരാണ് ആദ്യഘട്ട ചര്‍ച്ചകളില്‍ ഉണ്ടായിരുന്നത്. ഇപ്പോഴും ഈ പേരുകള്‍ക്ക് തന്നെയാണ് മുന്‍തൂക്കം.
മഴക്കെടുതി അനുഭവിച്ച മലബാറിലേക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ വിഭവസമാഹരണം മികച്ച കൈയ്യടി നേടിയിരിന്നു. സമാഹരണത്തിന് നേതൃത്വം നല്‍കിയ മേയര്‍ വി.കെ പ്രശാന്തിന് സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും അഭിനന്ദന പ്രവാഹമായിരിന്നു. ഇത് പ്രശാന്തിന് പട്ടികയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. പരിചയ സമ്പന്നനായ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി വരണമെന്ന് സി.പി.ഐ.എം തീരുമാനിച്ചാല്‍ വിജയകുമാറിന് നറുക്ക് വീണേക്കും. ഇവര്‍ രണ്ട് പേരുമല്ലാതെ മറ്റൊരാളെ പരിഗണിക്കാന്‍ നിലവിലെ അവസ്ഥയില്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 53545 വോട്ടും ബി.ജെ.പി 50709 വോട്ടും നേടിയപ്പോള്‍ എല്‍.ഡി.എഫിന് 29414 വോട്ട് മാത്രമേ നേടാനായുള്ളൂ.