എം.ഡി.എം.എ കൊച്ചിയിലെത്തിച്ചത് വർഷ;പോലീസിനെ കണ്ട് കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

അമര്‍ മജീദ് വര്‍ഷ

തൃപ്പൂണിത്തുറ: 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും നഴ്സിങ് വിദ്യാർഥിനിയായ യുവതിയും പോലീസ് പിടിയിലായി. ഏറ്റുമാനൂർ അരങ്ങാട്ടുപറമ്പിൽ അമീർ മജീദ് (33), ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറേക്കരവീട്ടിൽ വർഷ (22) എന്നിവരെയാണ് ഹിൽപ്പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു.

കാറിൽവന്ന ഇവർ പോലീസിനെക്കണ്ട് കടന്നുകളയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശനിയാഴ്ച വൈകീട്ട് 3.30-ഓടെ കരിങ്ങാച്ചിറ ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവർ പോലീസിന്റെ മുന്നിലകപ്പെട്ടത്. പോലീസിനെ കണ്ട് കാർ നിർത്താതെ വെട്ടിച്ച് ചാത്താരിഭാഗത്തുള്ള ഇടവഴിയിലേക്ക് തിരിഞ്ഞെങ്കിലും രക്ഷപ്പെടാനാകാതെ, പിറകെയെത്തിയ പോലീസിന്റെ കൈയിൽപ്പെടുകയായിരുന്നു.

വർഷയാണ് ശനിയാഴ്ച രാവിലെ രാസലഹരി കൊച്ചിയിലെത്തി കൈമാറ്റം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.എസ്.ഐ.മാരായ ടോൾസൺ, ബിജു, സി.പി.ഒ.മാരായ മധു, സുജീഷ്, അശ്വിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News