കല്‍പകഞ്ചേരി: കൊവിഡ് കാലത്ത് മാതൃകയായി മലപ്പുറം വളവന്നൂര്‍ കന്മനം രണ്ടാലില്‍ നടന്ന വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ അതിഥികളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനാകാത്ത നാട്ടുകാര്‍ക്ക് വിരുന്നായി വരന്‍ വെള്ളിയോട്ട് പ്രജോഷ് നാട്ടിലെ അങ്കണവാടിക്കായി സ്വന്തം ഭൂമി വിട്ടുനില്‍കിയാണ് മാതൃകയായത്.
അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന വാടകക്കെട്ടിടത്തില്‍ ഏതുനിമിഷവും അടച്ചുപൂട്ടാന്‍ സാധ്യതയുള്ള അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയാണ് പ്രജോഷും വധു വര്‍ഷയും മാതൃകയായത്. പാലക്കാട് മണ്ണൂര്‍ പത്തിരിപ്പാല വേങ്ങാതൊടി സ്വദേശിനിയാണ് വര്‍ഷ. വിവാഹദിനത്തില്‍ ഇരുവരും ചേര്‍ന്ന് വളവന്നൂര്‍ ഏഴാംവാര്‍ഡിലെ കുത്തുകല്ലിനു സമീപത്തെ കരണ്ടുപെട്ടി അങ്കണവാടിക്ക് സ്ഥലം വിട്ടുനല്‍കുകയായിരുന്നു.
രണ്ടരസെന്റ് ഭൂമിയുടെ രേഖകളാണ് പ്രജോഷിന്റെ കുടുംബം പഞ്ചായത്തിനു നല്‍കിയത്. കന്മനം സ്വദേശിയും സിപിഎം വളവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗവുമായ വെള്ളിയോട്ട് പ്രേംകുമാറിന്റെയും അനിതയുടെയും മകനാണ് പ്രജോഷ്. ഡിവൈഎഫ്ഐ വളവന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി കൂടിയാണ് പ്രജോഷ്.
കൊവിഡ് കാലമായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പ്രജോഷും കുടുംബവും തുടര്‍ന്ന് സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് അസൗകര്യത്താല്‍ വീര്‍പ്പുമുട്ടുന്ന അങ്കണവാടിയുടെ കാര്യം ഓര്‍മ്മയില്‍ വരുന്നത്. 14 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ ഇടുങ്ങിയ മുറിയിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. പലതവണ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങിയതുമാണ്.
ഭൂമിയുടെ രേഖ ദമ്പതിമാര്‍ വളവന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എകെ മുജീബ്റഹ്മാന്‍, പ്രതിപക്ഷനേതാവ് പിസി കബീര്‍ബാബു എന്നിവര്‍ക്ക് കൈമാറി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപയും നല്‍കി. തുക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപി സഖറിയയ്ക്ക് കൈമാറി.