വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; ബാബുരാജ് നായകന്‍

കൊച്ചി:ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ് . മലയാള സിനിമയിലെ താരദമ്പതിമാരായ ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുകയാണ് ഈ സിനിമയിലൂടെ. കൂടാതെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം ഒരു ക്രൈം തില്ലറാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്നു. 2014 ല്‍ റിലീസ് ചെയ്ത മാന്നാര്‍ മത്തായി സ്പീക്കിംഗ് -2 ആണ് വാണി അഭിനയിച്ച അവസാനമലയാള സിനിമ. 2000-ത്തില്‍ പുറത്തിറങ്ങിയ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് വാണി വിശ്വനാഥിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു.

കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിന്‍ ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News