KeralaNews

ഈ പുതിയ വന്ദേഭാരത് സ്റ്റോപ്പിനുള്ള റെയിൽവെ തീരുമാനം തെറ്റിയില്ല: ടിക്കറ്റിന് ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യേണ്ട സ്ഥിതി

മലപ്പുറം: രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ച റെയിൽവേയുടെ തീരുമാനം ശരിവച്ച് യാത്രക്കാരുടെ എണ്ണം. തിരൂരിൽ നിന്ന് ടിക്കറ്റ് കിട്ടണമെങ്കിൽ കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ (20631) ഈ മാസം അവസാനം വരെ തിരൂരിൽ നിന്നുള്ള ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റാണ്. ഉയർന്ന നിരക്ക് നൽകേണ്ട എസി എക്സിക്യുട്ടീവ് ക്ലാസിലും(ഇ.സി) ഇതാണ് സ്ഥിതി.

തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് 1,955 രൂപയാണ് ഇ സി നിരക്ക്. നിരക്ക് കുറവുള്ള എസി ചെയർകാറിൽ 26, 27 ദിവസങ്ങളിൽ മാത്രമേ ടിക്കറ്റുള്ളൂ. ഇതുതന്നെ ഏതാനം മാത്രം. മിക്ക ദിവസങ്ങളിലും 100ന് മുകളിലാണ് വെയ്റ്റിംഗ് ലിസ്റ്റ്. തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എസി ചെയർകാറിൽ 1,100 രൂപയാണ് നിരക്ക്. തിരിച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്പ്രസിലും (20632) ഈ മാസം അവസാനം വരെ തിരൂരിലേക്ക് ടിക്കറ്റില്ല.

തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മറ്റ് ട്രെയിനുകൾ എട്ടര മുതൽ ഒമ്പതര മണിക്കൂർ വരെ യാത്രാസമയമെടുക്കുമ്പോൾ വന്ദേഭാരതിന് 5.41 മണിക്കൂർ മതി. ഇതിനൊപ്പം സുഖകരമായ യാത്രയും സമ്മാനിക്കും. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം ഇതുതന്നെ.

രാവിലെ 9.22ന് തിരൂരിൽ എത്തുന്ന വന്ദേഭാരത് ഉച്ചയ്ക്ക് ശേഷം 3.05ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. എറണാകുളം ജംഗ്ഷനിൽ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ രണ്ട് മിനിറ്റുമാണ് ട്രെയിൻ നിറുത്തുക. സമയക്രമം കൃത്യമായി പാലിക്കാൻ വന്ദേഭാരതിന് സാധിക്കുന്നുണ്ടെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.

വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 8.52ന് ആണ് തിരൂരിൽ എത്തുക. നേരത്തെ വൈകിട്ട് ഏഴിന് ശേഷം മലപ്പുറം, മഞ്ചേരി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ടായിരുന്നില്ല. 8.15 കഴിഞ്ഞാൽ സ്വകാര്യ ബസുമില്ല. ഇതിന് പരിഹാരമായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് തുടങ്ങിയിട്ടുണ്ട്. മഞ്ചേരിയിൽ നിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തും. രാത്രി ഒമ്പതിന് തിരൂർ സ്റ്റേഷനിൽ നിന്ന് ബസ് പുറപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button