ആലപ്പുഴ: വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതി പുതിയ റെയിൽവെ ടൈംടേബിൾ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. റെയിൽവേ ടൈംടേബിൾ പരിഷ്കരണം നടപ്പിലാക്കും. റെയിൽവേ ടൈംടേബിൾ പരിഷ്കരണം നടപ്പിലാകുന്നതോടെ വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നു എന്ന പരാതി അവസാനിക്കും. എന്നാൽ പുതിയ ടൈടേബിൾ എപ്പോൾ വരുമെന്ന കാര്യം പറയാൻ പറ്റില്ലെന്നും വി മുരളീധരൻ പറഞ്ഞു.
വന്ദേ ഭാരത് ട്രെയിന് പുതുതായി സ്റ്റോപ്പ് അനുവദിച്ച ചെങ്ങന്നൂരിൽ ഇന്ന് സ്വീകരണം നൽകി. ഇന്ത്യൻ റെയിൽവേയുടെയും ചെങ്ങന്നൂർ പൗരാവലിയുടെയും നേതൃത്വത്തിലാണ് ഔദ്യോഗിക സ്വീകരണമൊരുക്കിയത് . ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രവർത്തകരും സ്വീകരണം ഒരുക്കിയിരുന്നു.
റെയിൽവേയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് മുരളീധരൻ പറഞ്ഞു.
അതേസമയം, യാത്ര ക്ലേശം പരിഹരിക്കാൻ കേരളത്തിലെത്തിയ വന്ദേ ഭാരത്, ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരുടെ വഴിമുടക്കുന്ന അവസ്ഥയാണുള്ളത്. ട്രെയിനുകൾ പിടിച്ചിടുകയും യാത്രക്കാർ മണിക്കൂറുകൾ വഴിയിൽ കുടുങ്ങുകയും ചെയ്യുന്നത് പതിവായതോടെ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേയോട് വിശദീകരണം തേടിയിട്ടുണ്ട്.
യാത്രാ ക്ലേശം പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ 15 ദിവസത്തിനകം മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ട്രെയിനുകൾ പിടിച്ചിടുന്നത് ഗുരുതര പ്രശ്നമാണെന്നും റയിൽവെ മന്ത്രിക്ക് പരാതിയറിച്ച് കത്തയച്ചെന്നും കെ മുരളീധരൻ എം പി ഇന്ന് പറഞ്ഞിട്ടുണ്ട്.