ചെന്നൈ: തിരക്കേറിയ ദീർഘദൂര തീവണ്ടികൾക്ക് പകരം വന്ദേഭാരത് തീവണ്ടികൾ ഓടിക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) പദ്ധതി തയ്യാറാക്കുന്നു.
നിലവിലുള്ള തീവണ്ടിനിരക്കായിരിക്കും പുതിയ വന്ദേഭാരതിലും ഈടാക്കുക. നിലവിലുള്ള സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ല. മണിക്കൂറിൽ ശരാശരി 90 കി.മീ. വേഗത്തിലോടിക്കും. അതിനാൽ യാത്രാസമയം കുറയും. നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് വണ്ടിയുടെ സമാന സാങ്കേതികവിദ്യ തന്നെയായിരിക്കും ഈ തീവണ്ടികളിലുണ്ടാകുക. കോച്ചുകളിൽ കൂടുതൽ സൗകര്യങ്ങളുണ്ടാകും. ദീർഘദൂര വണ്ടികളായതിനാൽ സ്ലീപ്പർ കോച്ചുകളുള്ളവയാണ് നിർമിക്കുക.
തുടക്കത്തിൽ ദക്ഷിണറെയിൽവേയിലാണ് പദ്ധതി നടപ്പാക്കുക. മറ്റു സോണുകളിലെ വന്ദേഭാരത് തീവണ്ടികളെ അപേക്ഷിച്ച് റെയിൽവേക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ദക്ഷിണറെയിൽവേയിലെ വണ്ടികളിൽനിന്നാണ്. ആദ്യഘട്ടത്തിൽ ചെന്നൈ- തിരുവനന്തപുരം മെയിൽ, ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്, എഗ്‌മോർ-ഗുരുവായൂർ എക്സ്പ്രസ് തുടങ്ങിയ തീവണ്ടികൾക്ക് പകരമാണ് വന്ദേഭാരത് ഓടിക്കുക.
തുടർന്ന് തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് വടക്കേയിന്ത്യയിലേക്ക് പോകുന്ന തിരക്കേറിയ തീവണ്ടികളും വന്ദേഭാരതിന് വഴിമാറും. മൂന്നുവർഷത്തിനകം രാജ്യത്തെ തിരക്കേറിയ എല്ലാ എക്സ്പ്രസ്, മെയിൽ തീവണ്ടികൾക്കും പകരം വന്ദേഭാരത് ഓടിക്കാനാണ് പദ്ധതി.