ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കൂടുതൽ വന്ദേ ഭാരത് ട്രെയിനിനായി കാത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ പുറത്തിറക്കാനുള്ള പ്രവർത്തനം വേഗത്തിലാക്കി ഇന്ത്യൻ റെയിൽവേ. അലുമിനിയം നിർമിത പാസഞ്ചർ റേക്കുകളുടെ നിർമാണം വേഗത്തിലാക്കാനാണ് തീരുമാനം. ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ അലുമിനിയം നിർമിത പാസഞ്ചർ റേക്കുകൾ സഹായിക്കുമെന്നതാണ് നേട്ടം.
അടുത്തവർഷത്തോടെ അലുമിനിയം നിർമിത പാസഞ്ചർ റേക്കുകൾ പുറത്തിറക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ മെട്രോ ട്രെയിനുകളിൽ അലുമിനിയം നിർമിത റേക്കുകളാണ് ഉപയോഗിക്കുന്നത്. വന്ദേ ഭാരതിൻ്റെ സ്ലീപ്പർ കോച്ചുകൾ ഇത്തരത്തിൽ അടുത്തവർഷത്തോടെ പുറത്തിറക്കാനാണ് ലക്ഷ്യം. തുടർന്ന് ഘട്ടം ഘട്ടമായി, രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും അലുമിനിയം നിർമിത റേക്കുകളാകും.
വന്ദേ ഭാരത് ട്രെയിനുകൾ അലുമിനിയം നിർമിത റേക്കുകളിലേക്ക് മാറുന്നതോടെ വേഗത വർധിപ്പിക്കാനാകും. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാനാകും. അലുമിനിയം റെയിൽ കോച്ചുകൾ നിർമ്മിക്കുന്നതിനായി ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെട്രാ എസ്പിഎയുമായി ഒപ്പുവച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്കായി ഇരുവരും സംയുക്തമായി അലുമിനിയം നിർമിത റേക്കുകൾ നിർമിക്കും. ഇതിനായി 2,000 കോടി രൂപ നിക്ഷേപിക്കാനാണ് ഹിൻഡാൽകോ പദ്ധതിയിടുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യ മെട്ര എസ്പിഎ പങ്കുവയ്ക്കും.
നിലവിൽ രാജ്യത്ത് തദ്ദേശമായി നിർമിച്ച ആദ്യ സെമി – ഹൈസ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് പരമാവധി 180 കിലോമീറ്റർ ഓടുന്ന രീതിയിണ് നിർമിച്ചിരിക്കുന്നത്. അലുമിനിയും ഉപയോഗിച്ചുള്ള റേക്കുകൾ പുറത്തിറങ്ങുന്നതോടെ ട്രെയിനിന്റെ വേഗത 200 കിലോമീറ്ററിലധികം വർധിപ്പിക്കാനാകും. വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത വർധിക്കുന്നതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും മറ്റ് ട്രെയിനുകൾ വൈകുന്ന സാഹചര്യം ഒഴിവാക്കാനുമാകും. റേക്കുകൾ ഭാരം കുറയുമെന്നതിനൊപ്പം പരിപാലനച്ചെലവ് കുറയുന്നതും നേട്ടമാകും.