KeralaNews

വന്ദേഭാരത് ടിക്കറ്റ് 1400 രൂപ; 25 ന് രാവിലെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ്, ഉച്ചക്ക് കണ്ണൂരെത്തും,ഷെഡ്യൂൾ പുറത്ത്

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂ‌ൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യു. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും.

78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവന്തപുരം മുതൽ കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും. മുന്നിലും പിന്നിലുമായി എൻജിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയും.

25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്‍റെ ആദ്യ യാത്ര. 25 ന് ശേഷം യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാക്കാരുമായി സംവദിക്കും. വിശദമായ നോട്ടിഫിക്കേഷൻ റെയിൽവെ ഉടനിറക്കുമെന്നാണ് വിവരം.

ഇന്നലെ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ദിന ട്രെയൽ റൺ പൂ‍ർത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായി 7 മണിക്കൂർ 10 മിനിട്ട് എടുത്തപ്പോൾ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് 7 മണിക്കൂർ 20 മിനിട്ടാണ് എടുത്തത്. മടക്ക യാത്രക്കായി 10 മിനിട്ട് അധികം എടുത്തെന്ന് സാരം. എന്നാലും ആദ്യ ദിന ട്രയൽ പൂർത്തിയാകുമ്പോൾ കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ വന്ദേഭാരത് ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

കേരളത്തിലൂടെ ഓടുന്ന മറ്റ് ചില ട്രെയിനുകളും വന്ദേ ഭാരതും തമ്മുള്ള വേഗതയുടെ കാര്യവും ഈ സമയത്ത് കൃത്യമായി പരിശോധിക്കാവുന്നതാണ്. 3 ട്രെയിനുകളും വന്ദേഭാരതും തമ്മിൽ ഒരുപാട് സമയത്തിന്‍റെ വ്യത്യാസം ഉണ്ടാകില്ലെന്നതാണ് താരതമ്യം വ്യക്തമാക്കുന്നത്.

താരതമ്യം ഇങ്ങനെ

7 മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് കണ്ണൂർവരെ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണ ഓട്ടം പൂർത്തിയായത്. ഇതേവേഗതയിലാണ് 25 മുതലുള്ള യഥാർത്ഥ സർവീസെങ്കിൽ കേരളത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ആയിരിക്കും വന്ദേഭാരത് എന്നകാര്യത്തിൽ ആർക്കും സംശയം വേണ്ട. എന്നാൽ രാജധാനി, ജനശതാബ്ധി ട്രെയിനുകളുമായി താരതമ്യം ചെയ്താൽ വലിയ സമയ ലാഭം പല ജില്ലയിലും യാത്രക്കാർക്ക് കിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

കേരളം കാത്തിരുന്ന സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം തലസ്ഥാനത്തുനിന്ന് തുടങ്ങിയത് പുലർച്ചെ 5.09 നായിരുന്നു. ഇപ്പോൾ ഓടുന്ന ട്രെയിനുകൾ മിക്കതും എടുക്കുന്ന ഏതാണ്ട് അതേസമയം തന്നെ വേണ്ടിവന്നു വന്ദേ ഭാരത്തിനും കൊല്ലത്ത് എത്താൻ. കൃത്യമായി പറഞ്ഞാൽ 50 മിനിറ്റ് എടുത്താണ് വന്ദേഭാരതും കൊല്ലം കണ്ടത്. ഇപ്പോൾ തിരുവനന്തപുരം കൊല്ലം ദൂരം ഏറ്റവും കുറഞ്ഞ സമയത്തിൽ ഓടി എത്തുന്നത് നിസാമുദ്ധീൻ എക്സ്പ്രസ് ആണ്. നിസാമുദ്ധീൻ 55 മിനിറ്റിലാണ് കൊല്ലത്ത് എത്തുക. അതായത് നിസാമുദ്ദീനെക്കാൾ അഞ്ച് മിനിട്ട് സമയലാഭം മാത്രമാകും വന്ദേഭാരതിന് ഉണ്ടാകുക.

വന്ദേഭാരത് കോട്ടയത്ത് എത്തിയതാകട്ടെ 7.28 ന്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്താൻ 2 മണിക്കൂർ 19 മിനിറ്റാണ് എടുത്തത്. നിലവിലോടുന്ന കേരള എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് ഓടിയെത്തുന്ന സമയം 2 മണിക്കൂർ 42 മിനിറ്റാണ്. വന്ദേ ഭാരത് പരീക്ഷണ ഓട്ടത്തിലെ അതേ വേഗതയിലാണ് ഓടുന്നത് എങ്കിൽ കോട്ടയത്തെ യാത്രക്കാർക്ക് കിട്ടാവുന്ന സമയലാഭം 23 മിനിറ്റ് മാത്രം.

പുലർച്ചെ 5.09 ന് തലസ്ഥാനത്ത് നിന്ന് ഓടിത്തുടങ്ങിയ വന്ദേഭാരത് 3 മണിക്കൂർ 18 മിനിറ്റ് സമയം കൊണ്ടാണ് എറണാകുളം നോർത്തിൽ എത്തിയത്. തിരുവനന്തപുരത്തുനിന്ന് കയറുന്ന ഒരു യാത്രക്കാരനെ സംബന്ധിച്ച് ആലപ്പുഴ വഴിയുള്ള ജനശതാബ്ധിയിലും രാജധാനിയിലും ഇതേ സമയംകൊണ്ട് ഇതിലും കുറഞ്ഞ ചെലവിൽ എറണാകുളത്ത് എത്താം എന്ന് സാരം. ആലപ്പുഴ വഴി ജനശതാബ്ധി 3 മണിക്കൂർ 18 മിനിറ്റ് കൊണ്ടും രാജധാനി 3 മണിക്കൂർ 15 മിനിറ്റ് കൊണ്ടും എറണാകുളത്ത് എത്തും. എന്നാൽ മലബാർ എക്സ്പ്രസുമായി താരതമ്യം ചെയ്താൽ വന്ദേഭാരതിൽ രണ്ടു മണിക്കൂർ ഏഴു മിനിറ്റ് സമയലാഭം കിട്ടും.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വന്ദേഭാരത് എത്തിയതാകട്ടെ 6 മണിക്കൂർ 6 മിനിറ്റ് എടുത്താണ്. ജനശതാബ്ദി 7 മണിക്കൂർ 01 മിനിറ്റ് കൊണ്ടും മലബാർ എക്സ്പ്രസ് 10 മണിക്കൂർ 02 മിനിറ്റ് കൊണ്ടും ആണ് കോഴിക്കോട് എത്തുന്നത്. ജനശതാബ്ധിയുമായി താരതമ്യം ചെയ്താൽ സമയലാഭം പരമാവധി 55 മിനിറ്റ് മാത്രമാകും.

വന്ദേ ഭാരതിന്‍റെ പരീക്ഷണ ഓട്ടത്തിനായി പിടിച്ചിട്ടതിനാൽ ഇന്ന് മറ്റു ട്രെയിനുകൾ പലതും ഏറെ വൈകി. ട്രാക്കുകളിലെ പോരായ്മകൾ പരിഹരിച്ചാൽ വന്ദേ ഭാരത്തിന് ഇന്നത്തെ പരീക്ഷണ ഓട്ടത്തെക്കാൾ മികച്ച വേഗത്തിൽ ഭാവിയിൽ സർവീസ് നടത്താൻ ആയേക്കും. ഇന്നത്തെ പരീക്ഷണ ഓട്ടത്തിന്റെ അതേ വേഗം മാത്രമാണ് 25 ന് തുടങ്ങുന്ന സർവീസിനും ഉള്ളതെങ്കിൽ മുടക്കുന്ന തുകയ്ക്ക് ഒത്ത സമയലാഭം യാത്രക്കാർക്ക് കിട്ടാൻ ഇടയില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ കേരളത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ എന്ന ബഹുമതി വന്ദേഭാരതിന് തന്നെ ലഭിക്കുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button