തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ വൈകിയതിന് റെയിൽവേ കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥന് സസ്പെൻഷൻ. ട്രെയിൻ എത്താൻ പത്ത് മിനിറ്റ് വൈകിയതിനാണ് സസ്പെൻഷൻ. തിരുവനന്തപുരം ഡിവിഷൻ ഓഫീസിലെ പി.എൽ. കുമാർ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്.
പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്.
കേരളത്തിൽ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച നടന്നിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആയിരുന്നു പരീക്ഷണ ഓട്ടം. രാവിലെ 5.10-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് 12.20-ന് കണ്ണൂരിൽ എത്തി. പരീക്ഷണയാത്രയിൽ ഷൊർണൂർ-കണ്ണൂർ പാതയിൽ പരമാവധി കൈവരിച്ച 110 കിലോമീറ്ററാണ് ഉയർന്ന വേഗം. 80 മുതൽ 100 കിലോമീറ്റർവരെ മറ്റു മേഖലകളിലും പരമാവധി വേഗമായി. കണ്ണൂരിൽനിന്ന് 2.10-ന് തിരികെ പുറപ്പെട്ട് രാത്രി 9.30-ന് തിരുവനന്തപുരത്തെത്തി. 7മണിക്കൂർ 20 മിനിറ്റെടുത്തു.
മറ്റു സംസ്ഥാനങ്ങളിൽ പരമാവധി 130 കിലോമീറ്ററിൽ കുതിച്ചുപായാറുള്ള വന്ദേഭാരത് 95 കിലോമീറ്റർ ശരാശരി വേഗമെടുക്കാറുണ്ട്. എന്നാൽ, സംസ്ഥാനത്തെ പരിമിതികളിൽ വേഗം കുറച്ചിരുന്നു.