തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം ഫ്ലാഗ് ഓഫ് ചെയ്യാനുണ്ടായിരുന്നു.
വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.
വന്ദേഭാരത് അടിപൊളി യാത്രാനുഭവമാണ് കേരളത്തിന് സമ്മാനിക്കുകയെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണമാണ്. അടിപൊളി വന്ദേഭാരത് എന്നാണ് ഇനി ജനം പറയാൻ പോകുന്നത്. റെയിൽവെ ട്രാക്കുകളുടെ വേഗം കൂട്ടി കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാളത്തിലെ വളവുകളാണ് കേരളത്തിൽ വേഗത കുറയ്ക്കുന്നത്. ലോകോത്തര സിഗ്നലിങ് സിസ്റ്റം കേരളത്തിൽ കൊണ്ടുവരും. പാളങ്ങളിൽ വളവുകൾ നികത്തി നേരെയാക്കും. 110 കിലോമീറ്റർ വേഗത്തിൽ 24 മാസത്തിനുള്ളിൽ വന്ദേ ഭാരത് സർവീസ് നടക്കും.
381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വർധിപ്പിക്കും. അടുത്ത 48 മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസർകോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്നും മന്ത്രി പറഞ്ഞു.