NationalNews

വന്ദേഭാരത്: പാളത്തിന് ഇരുവശവും സുരക്ഷാവേലി പരിഗണനയിലെന്ന് റെയിൽവേ മന്ത്രി

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചില സ്ഥലങ്ങളില്‍ പാതയ്ക്ക് ഇരുവശത്തും സുരക്ഷാവേലി നിര്‍മിക്കുന്നകാര്യം പരിഗണനയിലുണ്ടെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് തീവണ്ടി 130 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന മേഖലകളിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നകാര്യം പരിഗണിക്കുന്നത്.

ബിജെപി എംപി ഘനശ്യാം സിങ് ലോധിയുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. സുരക്ഷയ്ക്കാണ് റെയില്‍വേ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിവേഗത്തില്‍ ഓടുന്ന വന്ദേഭാരത് തീവണ്ടികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ റെയില്‍വെ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. വന്ദേഭാരത് തീവണ്ടികള്‍ മണിക്കൂറില്‍ 110 നും 130 നും കിലോമീറ്ററിനിടെ വേഗത്തിലോടുന്ന മേഖലകളിലെ അപകടസാധ്യതയുള്ള ഭാഗങ്ങളിലും മണിക്കൂറില്‍ 130 കിലോമീറ്ററിലധികം വേഗത്തിലോടുന്ന എല്ലാ ഭാഗങ്ങളിലും തീവണ്ടിപ്പാളത്തിന് ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

വന്ദേഭാരത് തീവണ്ടികള്‍ ഓടുന്ന പാളങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തടസങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമടക്കം ബിജെപി എംപി ചൂണ്ടിക്കാട്ടിയിരുന്നു. 2023 നവംബര്‍ വരെ റെയില്‍വെ ട്രാക്കുകളില്‍ വിവിധ വസ്തുക്കള്‍വച്ച് സാമൂഹ്യവിരുദ്ധര്‍ തടസം സൃഷ്ടിച്ച നാല് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കി.

ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദികളെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷാവേലി സ്ഥാപിക്കുന്നതിന് പുറമെ മറ്റ് നിരവധി നടപടിക്രമങ്ങള്‍ റെയില്‍വെ സംരക്ഷണ സേനയും സാങ്കേതിക വിഭാഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും റെയില്‍വെ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button