പൊള്ളാച്ചി: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂർ എസ്.പി അറിയിച്ചു. അപകടത്തിൽപ്പെട്ട ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തീീവ്രമായ ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റ മൂന്ന് പേരെ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി കോയമ്പത്തൂരിലെ വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള മറ്റൊരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും പോലീസ് വ്യക്തമാക്കി. ഒമ്പത് പേർ മരിച്ച അപകടത്തിൽ ആകെ 13 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് നേരത്തെ ചില അവ്യക്തതകൾ നിലനിന്നിരുന്നെങ്കിലും ട്രാവൽ ഏജൻസിയിലെ രേഖകൾ പരിശോധിച്ചാണ് 13 എന്ന് ഉറപ്പിച്ചത്. തമിഴ്‌നാട് പോലീസും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും വനംവകുപ്പും ചേർന്നാണ് അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. സംഭവസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും മലപ്പുറം എസ്.പിയുമായി നിരന്തരം വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ കുത്തനെയുള്ള ചരിവിൽ നിന്നും റോഡിലെത്തിച്ചത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായും ആശുപത്രി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
മലപ്പുറത്തെ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപികക്കടക്കമാണ് വാൽപ്പാറയിൽ ജീവൻ നഷ്ടമായത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപിക അജിതയടക്കം 9 പേരാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. 7 സ്ത്രീകൾക്കും ഒരു കുട്ടിക്കും ഒരു പുരുഷനുമാണ് ജീവൻ നഷ്ടമായത്. അജിത (54), റംല (52), സുഹറ (43), ആഷ (41), മജീദ് (43), സാജിദ (45), ഷക്കാന (37) ,റുക്കിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇതിൽ സാജിദ സ്കൂളിൽ ഭക്ഷണം ഉണ്ടാകുന്ന സ്ത്രീയാണ്. ഇവരുടെ മകനായ 11 വയസുള്ള ശഹദിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. 8 പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.
കേരള സർക്കാരും ഈ ദാരുണ സംഭവത്തിൽ അടിയന്തരമായി ഇടപെടുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി. കോയമ്പത്തൂർ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊള്ളുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അധ്യാപകരുടെ അപകട വാർത്ത ഏറെ ദുഃഖകരമാണെന്നും സാധ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരികയാണ്.
പൊള്ളാച്ചിയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള പാതയിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ പാതയിൽ ആകെ 40 ഹെയർപിൻ വളവുകളാണുള്ളത്, അതിൽ പലതും അതീവ അപകടകരമായ തിരിവുകളാണ്. പതിമൂന്നാം വളവിലെ സംരക്ഷണ ഭിത്തി തകർത്ത് താഴേക്ക് പതിച്ച വാഹനം എട്ടാം വളവിന് സമീപമാണ് ചെന്നുനിന്നത്. ഏകദേശം നൂറടിയോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞതെന്നത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. കുത്തനെയുള്ള ഇറക്കങ്ങളും കൊടുംവളവുകളുമുള്ള ഈ മേഖലയിൽ പരിചയസമ്പന്നരായ ഡ്രൈവർമാർ പോലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അപകടവിവരം പുറത്തുവന്നതോടെ മലപ്പുറം ജില്ലയിലെ പാങ്ങ് ഗ്രാമം വലിയ ആഘാതത്തിലാണ്. സ്കൂൾ അവധി പ്രമാണിച്ച് അധ്യാപകർ തങ്ങളുടെ കുടുംബത്തോടൊപ്പം ഒത്തുചേരാൻ പ്ലാൻ ചെയ്ത യാത്രയായിരുന്നു ഇത്. പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ മിക്ക അധ്യാപകരും ഒരുമിച്ച് ജോലി ചെയ്യുന്നവരും പരസ്പരം അടുത്ത ബന്ധമുള്ളവരുമായിരുന്നു. മരണപ്പെട്ടവരിൽ സ്കൂൾ ജീവനക്കാരും അധ്യാപികമാരുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത നാട്ടുകാരെ കൂടുതൽ വേദനിപ്പിക്കുന്നു. വൈകുന്നേരം വരെ സന്തോഷകരമായ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നവർ നിമിഷനേരം കൊണ്ട് ദുരന്തത്തിന് ഇരയായത് ഉൾക്കൊള്ളാൻ ബന്ധുക്കൾക്ക് കഴിയുന്നില്ല.
സംഭവസ്ഥലത്തെ രക്ഷാപ്രവർത്തനം അതീവ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനമേഖലയായതിനാൽ വെളിച്ചക്കുറവും കുത്തനെയുള്ള ചരിവും രക്ഷാപ്രവർത്തനത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ ഗ്യാസ് കട്ടറുകൾ ഉപയോഗിക്കേണ്ടി വന്നു. പൊള്ളാച്ചിയിലെ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും പോലീസുകാരും ചേർന്ന് മനുഷ്യച്ചങ്ങല തീർത്താണ് പരിക്കേറ്റവരെ റോഡിലെത്തിച്ചത്. അപകടസമയത്ത് ഇതുവഴി കടന്നുപോയ മറ്റ് വിനോദസഞ്ചാരികളും രക്ഷാപ്രവർത്തനത്തിൽ വലിയ പങ്കുവഹിച്ചു.
വാൽപ്പാറയിലേക്കുള്ള യാത്രകളിൽ ഡ്രൈവർമാർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് നൽകാറുണ്ട്. പ്രത്യേകിച്ച് അന്തർസംസ്ഥാന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഈ മലമ്പാതയിലെ പരിചയക്കുറവ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. വേഗത കുറച്ചും ഗിയർ നിയന്ത്രിച്ചും ഓടിക്കേണ്ട ഈ പാതയിൽ ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാം. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കേരളാ സർക്കാരും തമിഴ്‌നാട് സർക്കാരും തമ്മിൽ ഏകോപനം നടത്തുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാളെ തന്നെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണ്.
വാൽപ്പാറ അപകടത്തിൽ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്സിൽ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ താൻ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപകടം ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
The death toll in the Valparai mini-van accident has been confirmed as nine, while four survivors remain in critical condition. Coimbatore SP confirmed that 13 passengers were on board the vehicle from Pang Parammal GLP School, correcting earlier reports of 16. Three critically injured individuals have been shifted to Coimbatore for expert care. Kerala’s Education Minister V. Sivankutty is coordinating with Tamil Nadu officials to ensure medical support and arrange for the bodies to be brought back to Kerala.

