ഓച്ചിറ : കൊല്ലം – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ‘ബോ സ്ട്രിങ്’ ആർച്ച് പാലമായ വലിയഴീക്കൽ – അഴീക്കൽ പാലം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. പാലത്തിലെ 125 സോളർ എൽഇഡി ലൈറ്റ് സ്ഥാപിക്കുന്നതിന്റെ പേരിലാണു ഉദ്ഘാടനം നീട്ടിക്കൊണ്ടു പോയത്. കരാർ എടുത്ത കെൽട്രോൺ നാളെ എല്ലാ ലൈറ്റുകളും സ്ഥാപിക്കും.
2016 ഫെബ്രുവരി 27 ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയാണു പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. സ്റ്റേറ്റ് ഫ്ലാഗ്ഷിപ് പ്രോജക്ടിൽ ഉൾപ്പെടുത്തി 140 കോടി രൂപ ചെലവഴിച്ചാണ് 976 മീറ്റർ നീളമുള്ള പാലം കായംകുളം പൊഴിക്ക് അഭിമുഖമായി നിർമിച്ചത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1225 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 13 മീറ്റർ വീതിയുമുണ്ട്. 2020 ഡിസംബറിലാണു പാലം നിർമാണത്തിനു ആവശ്യമായ വസ്തുക്കൾ പൂർണമായി സർക്കാർ ഏറ്റെടുത്ത് നൽകിയത്.
ഊരാളുങ്കൽ കൺസ്ട്രക്‌ഷൻ ലേബർ സൊസൈറ്റിയാണു പാലത്തിന്റെ നിർമാണ കരാർ ഏറ്റെടുത്തത്. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് പാലം ഉദ്ഘാടനം നടത്താൻ ശ്രമിച്ചിരുന്നു. വലിയഴീക്കൽ നിന്നു അഴീക്കൽ എത്താൻ കൂറ്റൻ പാലം വരുന്നതോടെ 28 കിലോമീറ്റർ ലാഭിക്കാനാകും. വിനോദ സഞ്ചാര മേഖല, മത്സ്യബന്ധന മേഖല ഉൾപ്പെടെ ഇരു ജില്ലകളിലെയും തീരദേശത്ത് വൻ വികസനം സാധ്യമാകും.
പാലത്തിന്റെ വടക്ക് വശത്ത് വലിയഴീക്കലിൽ രാജ്യത്തെ ആദ്യ പെന്റഗൺ ലൈറ്റ് ഹൗസും തെക്ക് അഴീക്കലിൽ ബീച്ചും മത്സ്യബന്ധന തുറമുഖവും സൂനാമി സ്മൃതി മണ്ഡപവും സ്ഥിതിചെയ്യുന്നു. കായംകുളം പൊഴിയുടെ ഇരുവശങ്ങളിലും ഓരോ കിലോമീറ്റർ നീളമുള്ള പുലിമുട്ടും അഭിമുഖമായി ടിഎസ് കനാലും സ്ഥിതി ചെയ്യുന്നുണ്ട്.പാലത്തിന്റെ മധ്യ ഭാഗങ്ങളിലുള്ള 110 മീറ്റർ നീളമുള്ള 3 ബോ സ്ട്രിങ് ആർച്ചാണു പ്രധാന ആകർഷണം.
ഇംഗ്ലണ്ടിൽനിന്നു എത്തിച്ച മാക്അലോയ് ബാർ ഉപയോഗിച്ചാണ് പാലത്തിന്റെ ആർച്ചിന്റെ ഭാരം നിയന്ത്രിക്കുന്നത്. പാലത്തിന്റെ മധ്യഭാഗത്ത് നിന്നു സൂര്യോദയവും അസ്തമയവും കാണാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിലെ ഇന്റർ നാഷനൽ ഓറഞ്ചു നിറമാണ് പാലത്തിനു ഉപയോഗിച്ചത്. ഇതിനാൽ വളരെ ദൂരെനിന്നു പാലം മനോഹരമായ കാഴ്ച സമ്മാനിക്കും. ക്രീം നിറവും ഉപയോഗിച്ചിട്ടുണ്ട്.
കൂറ്റൻ 29 സ്പാനുകൾ നിർമിച്ചു പാലത്തിനടിയിലൂടെ കപ്പലുകളുൾപ്പെടെയുള്ള യാനങ്ങൾ കടന്നുപോകുന്ന ഉയരത്തിലാണു പാലം നിർമിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ എസ്.മനോ മോഹൻ,എക്സിക്യൂട്ടീവ് എൻജിനീയർ ഡോ.എ.സിനി,അസിസ്റ്റന്റ് എൻജിനീയർ അനു കെ.പീറ്റർ എന്നിവർ അറിയിച്ചു.
പാലത്തിന്റെ പ്രത്യേകതകൾ
• ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം (110 മീറ്റർ) കൂടിയ ബോ സ്ട്രിങ് ആർച്ചുകൾ.
• പാലത്തിന്റെ നീളം 976 മീറ്റർ. അപ്രോച്ച് ഉൾപ്പെടെ ആകെ നീളം 1225 മീറ്റർ.
• 37 മീറ്റർ വീതം നീളമുള്ള 13 സ്പാനുകൾ.
• 12 മീറ്റർ വീതം നീളമുള്ള 13 സ്പാനുകൾ.