KeralaNews

ബ്രഹ്മപുരം: ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം, മരുമകൻ കരാർ നേടിയത് ടെണ്ടറിലൂടെ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് മരുമകന്റെ കമ്പനിക്ക് എങ്ങനെ കരാർ കിട്ടി എന്നതിൽ ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണമെന്ന് ഇടതുമുന്നണി മുൻ കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വൻ. വിവാദത്തിൽ കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ ഭർത്താവിന്റെ കമ്പനിക്ക് കരാർ കിട്ടിയ കാര്യം താൻ അറിഞ്ഞിരുന്നില്ല. പരിപാടി തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു പരിപാടി അവർക്ക് അവിടെയുണ്ടെന്ന് അറിഞ്ഞതെന്നും വൈക്കം വിശ്വൻ പറഞ്ഞു.

വിദ്യാർത്ഥി കാലഘട്ടത്തിലാണ് താൻ പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. 72 വർഷമായി താൻ പൊതുപ്രവർത്തന രംഗത്തുണ്ട്. ബന്ധുക്കൾക്ക് ആർക്കും ഇതുവരെ യാതൊരു സഹായവും ചെയ്തിരുന്നില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും ഒഴിവായി.

കുറച്ച് കാലം തുടർന്നും ട്രേഡ് യൂണിയൻ രംഗത്ത് ഉണ്ടായിരുന്നു, അതിൽ നിന്നും താൻ ഒഴിവായി. ആ കാലത്തൊന്നും തനിക്ക് തോന്നാത്ത കാര്യം ഇപ്പോൾ ചെയ്തെന്ന് പറയുന്നു. റിട്ടയേർഡ് ജസ്റ്റിസ് അതിഭീകരമായി ചാനൽ ചർച്ചയിൽ ആരോപണം ഉന്നയിക്കുന്നത് കണ്ടു. ഒരു മുൻ മേയർ എന്നെ വെല്ലുവിളിച്ചു. ഇതുവരെ മറ്റൊന്നും ആലോചിച്ചിരുന്നില്ല. ഇനി നിയമനടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും വൈക്കം വിശ്വൻ മുന്നറിയിപ്പ് നൽകി.

ഇവര് (സോൺട ഇൻഫ്രാടെക്) മാത്രമല്ല അവിടെ കമ്പനി. ഇവരിപ്പോൾ വന്നതാണ്. ഇതിന് മുൻപ് കമ്പനികളും ഉണ്ട്. അവരൊന്നും ഒരു ടെണ്ടറും വെച്ചല്ല വന്നത്. ഇവർ വന്നത് ടെണ്ടർ വെച്ചാണ്. മുഖ്യമന്ത്രിയും ഞാനും തമ്മിൽ സൗഹൃദത്തിലാണ്. വിദ്യാർത്ഥി കാലം മുതൽ പാർട്ടിയിൽ അന്യോന്യം ഒരുമിച്ച് പ്രവർത്തിച്ചതാണ്.

മുഖ്യമന്ത്രി സൗഹൃദത്തിന്റെ പേരിൽ എന്തെങ്കിലും ചെയ്യുമോയെന്ന് തനിക്കറിയില്ല. എന്റെ കുടുംബാംഗങ്ങൾക്കോ മക്കൾക്കോ മക്കളുടെ ജോലിക്കോ ഒന്നിനും താൻ മുഖ്യമന്ത്രിയോട് യാതൊരു ആവശ്യവും ഉന്നയിച്ചിട്ടില്ല. അദ്ദേഹത്തിന് തന്റെ മക്കളെ അറിയുമായിരിക്കും. അവരുടെയൊക്കെ കുടുംബ കാര്യങ്ങൾ അറിയുമോയെന്ന് അറിയില്ല. രാഷ്ട്രീയമായ ആരോപണമാണ്. അല്ലെങ്കിൽ പിന്നെ തന്നെ വലിച്ചിഴക്കേണ്ടതില്ലല്ലോ.

കോടിക്കണക്കിന് രൂപയുടെ ബിസിനസാണെന്ന് കേൾക്കുന്നു. മകളോട് ചോദിച്ചു. ജോലി ചെയ്തതിന്റെ പകുതി പൈസ പോലും കൊടുത്തിട്ടില്ല. സെക്യൂരിറ്റി വെക്കാത്തത് കൊണ്ട് പണം കൊടുത്തിട്ടില്ലെന്നാണ് മേയർ പറയുന്നത്. കെഎസ്ഐഡിസി വഴിയാണ് ടെണ്ടർ വിളിച്ചത്. അതിലൂടെയാണ് മരുമകന്റെ കമ്പനി കരാർ എടുത്തതെന്നും വൈക്കം വിശ്വൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button