കൊച്ചി:മുട്ടാർ പുഴയിൽ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ പിതാവ് സനുമോഹൻ ജീവനോടെയുണ്ടെന്ന് പൊലീസ് സ്ഥീരീകരിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന പൊലീസ് സംഘത്തിനാണ് ഇതു സംബന്ധിച്ച സൂചന കിട്ടിയത്. അടുത്തയാഴ്ചയോടെ സനുമോഹന്‍റെ തിരോധാനത്തിന്‍റെ കാരണങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
13 കാരിയായ വൈഗയെന്ന കുട്ടിയെ എറണാകുളം മുട്ടാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ട് 20 ദിവസത്തോളമായി. പിതാവ് സനുമോഹനും പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന സംശയത്തിലായിരുന്നു ആദ്യം ദിവസങ്ങളിലെ പൊലീസ് അന്വേഷണം. എന്നാൽ തുടർന്നുളള പരിശോധനയിലാണ് ഇയാൾ വാളയാർ കടന്ന് പോയെന്ന് സ്ഥിരീകരിച്ചത്.
സനുമോഹൻ മരിച്ചിട്ടെല്ലെന്നും ജീവനോടെയുണ്ടെന്നുമാണ് പൊലീസ്പറയുന്നത്. ഇയാളുമായി അടുപ്പമുളള ചിലരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചിയിൽ താമസിക്കുന്പോഴും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു എന്ന സംശയം പൊലീസിനുണ്ട്. 11.5 കോടിയോളം രൂപ ഇയാൾ പൂണെയിലെ സ്വകാര്യ വ്യക്തികളിൽ നിന്ന് ബിസിനസ് ആവശ്യത്തിന് കടം വാങ്ങിയിരുന്നു.
ഇത് തിരികെ കൊടുക്കാത്തിതിന്‍റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ പണമിടപാടാണോ തിരോധാനത്തിന് പ്രധാന കാരകണമെന്നാണ് പരിശോധിക്കുന്നത്. സനുമോഹൻ എവിടെയുണ്ട് എന്ന് സംബന്ധിച്ച് സൂചനകളുണ്ടെന്നും രണ്ടു മൂന്നു ദിവസത്തിനുളളിൽ ഉത്തരം പറയാൻ കഴിയുമെന്നുമാണ് കൊച്ചി സിറ്റി പൊലീസിന്‍റെ വിശദീകരണം.
നേരത്തെയുളള സാന്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇയാളുടെ പാസ്പോർട് കോടതിയിലാണ്. കളളപാസ്പോർട്ടിൽ ഇയാൾ വിദേശത്തേക്ക് പോകാതിരിക്കാൻ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചെന്നൈയിലും കോയന്പത്തൂരും ലുക്ക് ഔട്ട് നോട്ടീസും പതിപ്പിച്ചിട്ടുണ്ട്