തൃക്കാക്കര: വൈഗ വധക്കേസില്‍ പുറത്തുവരുന്നത് പിതാവ് സനുവിന്റെ ക്രൂരത. സാനുമോഹനെതിരായ കുറ്റപത്രം പോലീസ് ഈയാഴ്ച സമര്‍പ്പിക്കും. സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് മകള്‍ വൈഗയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കടക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ മകളെ കൊന്നശേഷം താന്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാൻ ആയിരുന്നു ശ്രമം. പിന്നീട് മറ്റൊരു സ്ഥലത്തുപോയി മറ്റൊരു പേരില്‍ ജീവിക്കാനായിരുന്നു സനുവിന്റെ പദ്ധതിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂനെയിൽ ആറുകോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുംബയ് ജയിലിലാണ് ഇപ്പോൾ സനു.
അതേസമയം, കേസിൽ സാനുമോഹനെതിരെ സാഹചര്യ തെളിവുകള്‍ മാത്രമേയുള്ളൂ. സനുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നാല്പതോളം പേര്‍ സാക്ഷിപ്പട്ടികയിലുണ്ട്. വൈഗയെ കൊന്ന ശേഷം താന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെന്ന സനു മോഹന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഗോവയില്‍ ഹോട്ടലില്‍ വച്ച് മദ്യത്തില്‍ എലി വിഷം കലര്‍ത്തി കഴിച്ചെന്നും പിന്നീട് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നുമായിരുന്നു സാനുവിന്റെ മൊഴി. വിഷബിസ്‌ക്കറ്റ് വാങ്ങിയതായി പറഞ്ഞ മെഡിക്കല്‍ ഷോപ്പിലും ഹോട്ടലിലും നടത്തിയ അന്വേഷണത്തിൽ മൊഴി വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
മാർച്ച് 20നാണ് സനു മോഹനെയും മകൾ വൈഗയെയും (13) കാണാതായത്. അടുത്ത ദിവസം മകൾ വൈഗയുടെ മൃതദേഹം കൊച്ചിയിലെ മുട്ടാർ പുഴയിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് സനു മോഹനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ഇയാൾ കർണാടകയിലെ കൊല്ലൂരിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയും കൊച്ചിയിൽനിന്ന് അന്വേഷണ സംഘം കൊല്ലൂരിലെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ നിന്ന് സനു മോഹനെ കണ്ടെത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ചും സനു മോഹന് വേണ്ടി അന്വേഷണം നടത്തിയിരുന്നു. പിന്നീട് കൊല്ലൂർ അടക്കമുള്ള പ്രദേശങ്ങളിലേക്ക് അന്വേഷണം മാറ്റുകയായിരുന്നു.