വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും.
അതേസമയം അപകട കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ കോട്ടയം ആർടിഒ നടപടി തുടങ്ങി. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആർസി ഉടമ അരുണിനെ ആർ ടി ഒ വിളിച്ചു വരുത്തും.
അപകടമുണ്ടാക്കിയ ലുമിനസ് ബസിനെതിരെ മുൻപ് കേസെടുത്തിരുന്നതായി വ്യക്തമായി. രണ്ട് തവണ നിയമം ലംഘിച്ച് ബസിൽ ലൈറ്റുകൾ ഘടിപ്പിച്ചതിന് കേസെടുത്തു. എന്നാൽ വാഹന ഉടമകൾ പിഴ അടച്ചില്ല. തുടർന്ന് ബസിനെ കരിമ്പട്ടികയിൽ പെടുത്തി. എന്നാൽ ബസിന് മറ്റ് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മോട്ടോർ വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം അറിയിച്ചു.
ഇന്നലെ രാത്രി12 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്. 26 ആൺകുട്ടികളും 16 പെൺകുട്ടികളുമാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്.എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു, അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ, വിഷ്ണു ആണ് മരിച്ച അധ്യാപകൻ. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു ദൃക്സാക്ഷികൾ. മരിച്ചവരിൽ കെഎസ്ആർടിസി ബസിലെ മൂന്ന് യാത്രക്കാരുമുണ്ട്. കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.