FeaturedKeralaNews

വാക്‌സിന്‍ ക്ഷാമം; മിക്ക ജില്ലകളിലും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങും

തിരുവനന്തപുരം: ക്രഷിങ് ദ കർവ് കർമ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്സിനേഷന് വാക്സിൻ ക്ഷാമം തിരിച്ചടിയാകുന്നു. തിരുവനന്തപുരത്തും എറണാകുളത്തും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കോവീഷീൽഡ് വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്നു. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കോവീഷീൽഡ് സ്റ്റോക്കില്ല.

രണ്ട് ലക്ഷം കോവാക്സിൻ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും കോവാക്സിന്റെ തുടർലഭ്യത സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ ഇത് മെഗാ വാക്സിനേഷന് തത്കാലം ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ മുടങ്ങും.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലകളിലെ സർക്കാർ ആശുപത്രികളിലും ചൊവ്വാഴ്ച തന്നെ വാക്സിനേഷൻ തടസപ്പെട്ടിരുന്നു. കോവീഷീൽഡ് രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാൻ എത്തിയവർക്കും വാക്സിൻ ഇല്ലാത്തതിനാൽ മടങ്ങിപ്പോകേണ്ടിവന്നു. ചില ആശുപത്രികളിൽ ഇന്ന് കോവാക്സിൻ ലഭ്യമാകുമെങ്കിലും കോവീഷീൽഡ് രണ്ടാം ഡോസ് കുത്തിവെപ്പ് നടക്കില്ല.

ഇന്ന് വൈകീട്ട് കൂടുതൽ ഡോസ് കോവീഷീൽഡ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. വാക്സിൻ എത്തി ജില്ലകളിലേക്ക് കൈമാറിയാൽ മാത്രമേ നാളെ മെഗാ ക്യാമ്പുകൾ പുനരാരംഭിക്കാൻ കഴിയു.

മാസ് വാക്സിനേഷന്റെ രണ്ടാംദിനമായ തിങ്കളാഴ്ച 2.65 ലക്ഷത്തിലേറെ പേർക്ക് വാക്സിൻ നൽകിയിരുന്നു. എന്നാൽ കോവീഷീൽഡ് സ്റ്റോക്ക് കുറഞ്ഞതോടെ ചൊവ്വാഴ്ച 1.67 ലക്ഷത്തോളം പേർക്ക് മാത്രമാണ് കുത്തിവെപ്പെടുക്കാനായത്. വിഷു അവധി ദിനമായ ഇന്നലെ സംസ്ഥാനത്ത് ആകെ വാക്സിനെടുത്തത് 19000ത്തിൽ താഴെ ആളുകൾ മാത്രം. ക്ഷാമം തുടർന്നാൽ വാക്സിനേഷനിലൂടെ കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാനുള്ള നീക്കം പ്രതിസന്ധിയിലാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button