തിരുവനന്തപുരം: കൊവിഡ് വാക്‌സിനെടുക്കാന്‍ ഇനി മുതല്‍ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തെ പുതുക്കിയ വാക്‌സിന്‍ വിതരണ മാര്‍ഗരേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡില്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരോട് ഇക്കാര്യം അരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കും.
താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാല്‍ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ക്കാകും മുന്‍ഗണന. വാക്‌സിന്‍ വിതരണത്തിനായി വാര്‍ഡ് തലത്തില്‍ മുന്‍ഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന വാക്‌സിന്‍ പകുതി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയും പകുതി സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വിതരണം ചെയ്യണം.
60 വയസ്സു കഴിഞ്ഞവര്‍ക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികള്‍ക്കും രണ്ടാം ഡോസ് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ ലഭിക്കും. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇതര രോഗങ്ങളുള്ള 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ നല്‍കും. മറ്റുള്ളവരെല്ലാം കോവിന്‍ പോര്‍ട്ടലിനൊപ്പം തദ്ദേശ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്യണം.
ഈ മാസം 15 ന് അകം 60 വയസ്സ് കഴിഞ്ഞവര്‍ക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികള്‍ക്കും വാക്‌സീന്‍ നല്‍കും. അവസാന വര്‍ഷ ബിരുദ, പിജി വിദ്യാര്‍ഥികള്‍, എല്‍പി, യുപി സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്കും 30നകം നല്‍കും.