കുട്ടികളുടെ വാക്‌സിനേഷന്‍; രജിസ്ട്രേഷന്‍ ഇന്നുമുതല്‍

ന്യൂഡല്‍ഹി: കുട്ടികളുടെ കോവിഡ് വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. കോവിന്‍ ആപ്പിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കി വാക്‌സിനേഷന്‍ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്‌സിനേഷന്‍ തുടങ്ങുന്നത്.

2007-ലോ മുമ്പോ ജനിച്ച 15-18നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്കാണ് ജനുവരി മൂന്നുമുതല്‍ വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സമയത്ത് കുട്ടികളുടെ തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യണം. ആധാര്‍ ഇല്ലാത്തവര്‍ക്ക് സ്‌കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് രേഖയായി ഉപയോഗിക്കാം.

കോവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക.കോവിന്‍ ആപ്പില്‍ രക്ഷിതാക്കള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള അക്കൗണ്ടില്‍ കൂടി റജിസ്റ്റര്‍ ചെയ്യുന്നതിനും തടസ്സമില്ല. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ ആപ്പിലൂടെ നാലുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കുട്ടികള്‍ക്ക് ഒറ്റയ്‌ക്കോ അച്ഛനമ്മമാര്‍ക്കൊപ്പമോ രജിസ്ട്രേഷന്റെ ഭാഗമാകാം.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസ്സമില്ല. പ്രത്യേക കേന്ദ്രത്തില്‍വെച്ചാകും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്. വാക്‌സിനേഷന് അര്‍ഹരായ 15 ലക്ഷത്തോളം കുട്ടികള്‍ സംസ്ഥാനത്തുണ്ട്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News