FeaturedHealthKeralaNews

45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും. 45 വയസിന് മുകളില്‍ പ്രായമായര്‍വക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. നിലവില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങള്‍ വഴിയാവും മൂന്നാം ഘട്ടത്തിലേയും വാക്‌സിന്‍ വിതരണം.

എല്ലാ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്നും വാക്‌സിന്‍ തീര്‍ത്തും സൗജന്യമായി ലഭിക്കും. സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രൈവറ്റ് ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള 250 രൂപ ഫീസ് അടച്ചും വാക്‌സിനേഷന്‍ എടുക്കാന്‍ സാധിക്കും. സംസ്ഥാനത്തെ 21 സ്വകാര്യ ആശുപത്രികളിലാണ് നിലവില്‍ കോവിഡ് 19 വാക്‌സിന്‍ ലഭ്യമാകുക.

വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യരായവര്‍ കോ-വിന്‍ പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുവഴി വാക്സിനേഷന്‍ എടുക്കാനുള്ള ദിവസം, സമയം, വാക്സിനേഷന്‍ കേന്ദ്രം എന്നിവ നമുക്ക് സ്വന്തമായി തിരഞ്ഞെടുക്കാന്‍ സാധിക്കും. കോവിഷീല്‍ഡ് വാക്സിന്‍ ആണോ കോവാക്സിന്‍ ആണോ വേണ്ടത് എന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പില്‍ ഉണ്ട്. തിയതിയും വാക്സിനേഷന്‍ കേന്ദ്രവും ഇതിലൂടെ തന്നെ തിരഞ്ഞെടുക്കാം. ഒരു മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്നും പരമാവധി നാല് അപ്പോയിന്റ്മെന്റുകള്‍ എടുക്കാം.

ആധാര്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒടിപി ലഭിക്കും. ഈ അക്കൗണ്ടില്‍ കുടുംബാംഗങ്ങളെക്കൂടി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്താല്‍ വാക്സിന്‍ എടുക്കേണ്ട തിയ്യതിയും സമയവും കേന്ദ്രവും ലഭിക്കും. ഇവിടെ പോയി വാക്‌സിന്‍ സ്വീകരിക്കുന്നതിന് പിന്നാലെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും മോണിറ്ററിങ് റെഫറന്‍സ് ഐ.ഡിയും ലഭിക്കും.

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ രോഗികൾ നിലവിലുള്ളത് പൂനെ, നാഗ്പൂർ, മുംബൈ ജില്ലകളിലാണ്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ എട്ട് ജില്ലകൾ കൊവിഡ് തീവ്രബാധിത മേഖലകളാണ്.

ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കൊവിഡ് കേസുകൾ കൂടിയത്. യുകെയിൽ നിന്നെത്തിയ 807 പേരിൽ കൊവിഡ് വൈറസ് വകഭേദം ഇതുവരെ കണ്ടെത്തി. രോ​ഗികളുടെ എണ്ണം കൂടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണം. 45 വയസിനു മുകളിലുള്ളവർ വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ ഇന്നലെ 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,557 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,31,09,437 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4606 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 311, എറണാകുളം 273, മലപ്പുറം 232, കണ്ണൂര്‍ 189, തിരുവനന്തപുരം 161, തൃശൂര്‍ 201, കോട്ടയം 174, കൊല്ലം 168, ഇടുക്കി 89, പാലക്കാട് 34, ആലപ്പുഴ 82, കാസര്‍ഗോഡ് 75, വയനാട് 73, പത്തനംതിട്ട 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1946 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 163, കൊല്ലം 127, പത്തനംതിട്ട 146, ആലപ്പുഴ 70, കോട്ടയം 131, ഇടുക്കി 71, എറണാകുളം 309, തൃശൂര്‍ 147, പാലക്കാട് 74, മലപ്പുറം 147, കോഴിക്കോട് 271, വയനാട് 38, കണ്ണൂര്‍ 162, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,92,365 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,355 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,28,494 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3861 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 498 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button