പത്തനംതിട്ട: കൊവിഡ് വാക്‌സീന്‍ എടുത്തതിനു പിന്നാലെ തലച്ചോറിലേയ്ക്ക് രക്തയോട്ടം നിലച്ച് യുവതി ഗുരുതരാവസ്ഥയിലെന്നു പരാതി. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ദിവ്യ ആര്‍.നായരാണ് മരണത്തോട് മല്ലടിക്കുന്നത്. ദിവ്യയുടെ ഭര്‍ത്താവ് ജിനു ജി.കുമാര്‍ കലക്ടര്‍ക്ക് ഇതു സംബന്ധിച്ചു പരാതി നല്‍കി. പരാതി തുടരന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു കൈമാറി.
രണ്ടാഴ്ച മുന്‍പാണ് ദിവ്യ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെ തലവേദന വന്നു. എന്നാല്‍, വാക്‌സിന്‍ എടുത്താലുണ്ടാകുന്ന മറ്റു ശാരീരിക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് ഈ 14ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇവിടെ വച്ച് മസ്തിഷ്‌കാഘാതമുണ്ടായി. തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്കു മാറ്റി.
ഇവിടെ ദിവ്യയുടെ തലച്ചോറില്‍ 2 തവണ സര്‍ജറി ചെയ്തു രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനം ഒരു ശതമാനമേയുള്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദിവ്യയെ ഇപ്പോള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്. ജോലി സംബന്ധമായി വിദേശത്തായിരുന്ന ഭര്‍ത്താവ് ദിവ്യയുടെ അസുഖത്തെ തുടര്‍ന്നു നാട്ടിലെത്തി. 8 വയസുള്ള ഒരു മകളാണ് ഇവര്‍ക്കുള്ളത്.