ബസുകൾ തിരികെ വേണ്ട, അതിന്റെ നല്ലകാലമൊക്കെ കഴിഞ്ഞു; ലാഭവിഹിതം വേണം, കരാർ പാലിക്കണം: വി.വി.രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ബസുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ പാലിക്കണെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ വി.വി.രാജേഷ്. 2023 ഫെബ്രുവരി 27ന് സ്മാർട്ട്‌സിറ്റിയും കെഎസ്ആർടിസിയും കോർപ്പറേഷനും ഒരു കരാറുണ്ടക്കിയിട്ടുണ്ട്. കരാർ പ്രകാരം പീക് ടൈമിൽ 113 ബസുകളും നഗരപരിധിയിൽ ഓടണം. അതിന് ശേഷം മറ്റുള്ള സ്ഥലങ്ങളിലോടാം. അത് ലംഘിച്ചിരിക്കുന്നു. കോർപ്പറേഷനുമായി കൂടിയാലോചിച്ച് വേണം റൂട്ട് നിശ്ചയിക്കാൻ. അതുണ്ടായിട്ടില്ല. വരുമാനം വീതിക്കണമെന്നും ഈ കരാറിൽ പറഞ്ഞിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഇലക്ട്രിക് ബസ് സർവീസ് നടത്തിവരുന്നതെന്നും വി.വി.രാജേഷ് പറഞ്ഞു.

113 കോടി രൂപ നിക്ഷേപിക്കുമ്പോൾ അതിൽനിന്ന് ഒരു ലാഭവിഹിതം കിട്ടണമെന്നത് ന്യായമായ കാര്യമാണ്. അത് കരാറിലും ഉള്ളതാണെന്നും രാജേഷ് പറഞ്ഞു. കോർപ്പറേഷൻ വാങ്ങി നൽകിയ 113 ഇലക്ട്രിക് ബസുകൾ തിരികെ നൽകാമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ വാദത്തിനും മേയർ മറുപടി നൽകി.

'കത്ത് കൊടുത്താൽ ബസ് തിരികെ തരാമെന്നാണ് മന്ത്രി പറയുന്നത്. ഞങ്ങൾക്ക് അങ്ങനെ ഒരു പ്ലാൻ ഇല്ല. ഇലക്ട്രിക് ബസിന്റെ ബാറ്ററിയുടെ ലൈഫ് ഒക്കെ തീരാനായി. ബസ്സിന്റെ നല്ല കാലമൊക്കെ കഴിഞ്ഞു' വി.വി.രാജേഷ് പറഞ്ഞു.

ഗ്രാമീണ റൂട്ടുകളിലേക്ക് ബസ് വേണമെന്നാണ് ജനങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമായും ആവശ്യപ്പെട്ടത്. ധാരാളം ഇട റോഡുകൾ അവിടെ ഉണ്ട്. കൂലിപ്പണിക്കാരായ പാവങ്ങൾ കരഞ്ഞുകൊണ്ട് ഞങ്ങളോട് ബസ് വേണമെന്ന് പറഞ്ഞു. ഈ കാരണങ്ങൾ കൊണ്ടാണ് വിഷയം ശ്രദ്ധയിൽപെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഗുസ്തിപിടിക്കാൻ ഞങ്ങൾ ഇല്ല.വെല്ലു വിളിക്കാനും ഞങ്ങൾ ഇല്ല. ഒരുപാട് തവണ ജയിച്ച, രാഷ്ട്രീയ പാരമ്പര്യം ഉള്ള ആളാണ് ഗണേഷ്. മേയറുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്' എന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News