തിരുവനന്തപുരം: കോൺഗ്രസ് മത്സരിച്ചത് യുപിയിൽ ഗുണം ചെയ്തത് ബിജെപിക്കെന്ന് മന്ത്രി വി ശിവൻ കുട്ടി. തനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ് മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തത്. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവുമെന്നും ശിവൻ കുട്ടി പറഞ്ഞു. പഞ്ചാബിൽ നിലവിലെ ഭരണകക്ഷിയായ കോൺഗ്രസ് വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. മത്സരിച്ച അഞ്ചിടത്തും കോൺഗ്രസിന് പച്ചതൊടാനായില്ല എന്നതും പാർട്ടിയെ വലിയ പരാജയത്തിലാണ് എത്തിച്ചിരിക്കുന്നത്.
വി ശിവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ കോൺഗ്രസ് അടി പതറിയ മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരത്തിൽ എത്താനാകില്ല എന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കോൺഗ്രസിന് നഷ്ടമായി. വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ് മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തത്. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവും
ഉത്തർപ്രദേശിൽ പ്രാദേശിക പാർട്ടിയേക്കാൾ പിന്നിലായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഒരു സീറ്റിൽ മാത്രമാണ് ഇപ്പോൾ കോൺഗ്രസ് മുന്നിലുള്ളത്. യോഗിക്കെതിരെ മത്സരിച്ച രാവൺ എന്നറിയപ്പെടുന്ന ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് ഇപ്പോൾ വളരെ പിന്നിലാണ്. കോൺഗ്രസിന് സംസ്ഥാനത്തെ വോട്ട് വിഹിതം 2.4 ശതമാനത്തിലേക്ക് താഴ്ന്നു. അപ്നാ ദൾ 11 സീറ്റിലേക്ക് മുന്നിട്ട് നിൽക്കുന്നുണ്ട്. സമാജ്‌വാദി പാർട്ടിയുമായി യോജിച്ച് മത്സരിച്ച ആർഎൽഡി ഒൻപത് സീറ്റിലേക്ക് മുന്നേറി.
ജൻസട്ട ദൾ ലോക്‌താന്ത്രിക് പാർട്ടിയും രണ്ട് സീറ്റിൽ മുന്നിലാണ്. നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദൾ പാർട്ടി രണ്ട് സീറ്റിലും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നാല് സീറ്റിലും മുന്നിലാണ്. രണ്ട് സീറ്റിലേക്ക് ഒതുങ്ങിയ ബിഎസ്പിക്ക് 12.65 ശതമാനം വോട്ട് ഷെയർ നേടാനായി. ബിജെപിയുടെ വോട്ട് വിഹിതം 42.06 ശതമാനമാണ്. സമാജ്‌വാദി പാർട്ടിക്ക് 31.84 ശതമാനം വോട്ട് വിഹിതമുണ്ട്.