തിരുവനന്തപുരം: കേരളത്തെ അപമാനിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേരളത്തില്‍ ഗോമൂത്രം പശുവിന്റെ ചാണകവും കാഷ്ഠവുമാണെന്നായിരുന്നു വി. ശിവന്‍കുട്ടിയുടെ പ്രതികരണം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹം യോഗിക്കെതിരെ രംഗത്തെത്തിയത്. ‘ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും, ചാണകം കാഷ്ഠവുമാണ്,’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. ബഹുസ്വരതക്കും ഐക്യത്തിനും വികസനത്തിനും വേണ്ടി വോട്ട് ചെയ്യണം. കേരളീയരും ബംഗാളികളും കശ്മീരികളും ആത്മാഭിമാനമുള്ള ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നു.
‘യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും. അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,” പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗി നേരത്തെ പറഞ്ഞിരുന്നത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്. ഇതിന്റെ വീഡിയോ സന്ദേശം ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.