തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കേണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്റെ ശൈലിയില്‍- വി. ശിവന്‍കുട്ടി

രാജ്ഭവനില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ഗവര്‍ണറെ വഴിതെറ്റിക്കുന്നതും രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍; ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി; രാജ്ഭവന്‍ ആര്‍എസ്എസ് പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റാന്‍ പറ്റില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദപ്രസ്താവന നടത്തിയ എം.എം. മണിയെ തിരുത്തിയും മന്ത്രി വി. ശിവന്‍കുട്ടി. എം.എം. മണി അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നെന്നും കോര്‍പ്പറേഷനിലെ തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെയ്‌ക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

എംഎം മണിയുടെ ശൈലിയില്‍ അദ്ദേഹം പറഞ്ഞതാണ്. എംഎം മണി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എംഎം മണി തൊഴിലാളി വര്‍ഗ നേതാവും പാര്‍ട്ടിയുടെ സമുന്നതനായ നേതാവും വളരെ താഴെക്കിടയില്‍നിന്ന് സമരപോരാട്ടങ്ങളിലൂടെ കടന്നുവന്ന വ്യക്തിയുമാണ്. അങ്ങനെയുള്ള നേതാവ്, ചെറിയ പരാജയമുണ്ടായി എന്നതുകൊണ്ട് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന ഒരുജനവിഭാഗങ്ങളെയും ഒരുരൂപത്തിലും ആക്ഷേപിക്കാന്‍ പാടില്ല. അത് സിപിഎമ്മിന്റെ നയമാണെന്ന് തോന്നുന്നില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ക്ഷേമപെന്‍ഷന്‍ വാങ്ങി അത് ശാപ്പാടടിച്ചശേഷം വോട്ട് ചെയ്തില്ലെന്ന രീതിയിലായിരുന്നു എംഎം മണി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. ‘ക്ഷേമപെന്‍ഷന്‍ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മകിട്ട് വെച്ചു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ ഞായറാഴ്ച രാവിലെ അദ്ദേഹംതന്നെ  പ്രസ്താവന തിരുത്തി രംഗത്തെത്തി. പറയാന്‍പാടില്ലാത്ത പരാമര്‍ശമായിരുന്നുവെന്നാണ് എംഎം മണി പ്രസ്താവന തിരുത്തിക്കൊണ്ട് പ്രതികരിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ വന്‍ തോല്‍വിക്ക് പിന്നാലെ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരേ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ആര്യയെ ശിവന്‍കുട്ടി പിന്തുണച്ചു. ആര്യയുടേത് മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നെന്നും തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെയ്‌ക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അവരുടെ പരിമിതിക്കുള്ളില്‍ അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ട് അവര്‍ പരമാവധി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. തോറ്റപ്പോള്‍ എല്ലാ കുറ്റവും മേയറുടെ തലയില്‍ ചാരാം, ജയിച്ചിരുന്നെങ്കില്‍ നല്ല മേയര്‍ എന്നുമുള്ള നിലയില്‍ കാണാനാകില്ല. ആര്യ പാര്‍ട്ടിക്ക് വിധേയയായിതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ പ്രസ്താവനയാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News