'വിഷചന്ദ്രന്‍'; പൊറോട്ട-ബീഫ് പരാമര്‍ശത്തിൽ എന്‍.കെ. പ്രേമചന്ദ്രനെതിരേ മന്ത്രി ശിവൻകുട്ടി

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ വിവാദ പരാമര്‍ശത്തിനെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എന്‍.കെ. പ്രേമചന്ദ്രനെ 'വിഷചന്ദ്രന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. 'മനോഹരമായ ആ പേര് ഒരാളില്‍ മാത്രം 'വിഷചന്ദ്രന്‍' എന്നായിരിക്കും' എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

പൊറോട്ടയും ബീഫും നല്‍കി രഹന ഫാത്തിമയേയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ കഴിഞ്ഞദിവസം ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നുമായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പ്രേമചന്ദ്രന്‍ വാക്കുകള്‍. ഇതിനു പിന്നാലെ ഇടത് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രേമചന്ദ്രനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി.

എംപിക്ക് മറുപടിയുമായി ബിന്ദു അമ്മിണിയും രംഗത്തെത്തി. ഫേസ്ബുക്കിലെഴുതിയ ലഘു കുറിപ്പിലാണ് ബിന്ദു അമ്മിണി മറുപടി നല്‍കിയിരിക്കുന്നത്. 'ബീഫ് എനിക്ക് ഇഷ്ടമാണ് പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്.' എന്ന് അവര്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News