തൃശ്ശൂരിലെ വിജയം കൃത്രിമം, അവർക്ക് ആടിനെ പട്ടിയാക്കുന്ന ടെക്നിക് അറിയാം -വിമർശനവുമായി വി.എസ് സുനിൽകുമാർ

തൃശ്ശൂര്‍: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം കൃത്രിമമായി നേടിയതാണെന്ന് അന്നത്തെ ഇടതു സ്ഥാനാര്‍ഥിയും സിപിഐ നേതാവുമായ വി.എസ്. സുനില്‍കുമാര്‍. 'മാനിപ്പുലേറ്റഡ് വിക്ടറി' എന്ന ഹാഷ്ടാഗ് നല്‍കി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗൗരവതരമായ പോസ്റ്റിനു താഴെ ഫെയ്ക്ക് ഐഡികളില്‍ വന്ന് പുച്ഛിച്ചു തള്ളുന്ന ആളുകള്‍ക്കെതിരേയും അദ്ദേഹം കമന്റിട്ടു. ഇത് കൃത്രിമത്വമാണെന്നും ആടിനെ പട്ടിയാക്കുന്ന ടെക്‌നിക്കാണെന്നും അദ്ദേഹം കമന്റില്‍ പറഞ്ഞു.

#manipulatedvictory എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ നല്‍കിയ കമന്റ് ഇങ്ങനെ: നിങ്ങള്‍ ഈ പോസ്റ്റിന് താഴെ ഫേക്ക് ഐഡികളില്‍നിന്ന് വരുന്ന കമന്റുകള്‍ നോക്കൂ, ഗൗരവതരമായ ഒരു ആരോപണത്തെ തീര്‍ത്തും പുച്ഛിച്ചു തള്ളുന്ന രീതിയില്‍ അല്ലേ ഈ ഫെയ്ക്കുകള്‍ ഈ വിഷയത്തെ ചിത്രീകരിക്കുന്നത്? This is manipulation. They know how to 'ആടിനെ പട്ടിയാക്കല്‍ ടെക്‌നിക്ക് '.

തൃശ്ശൂരിലെ വോട്ടര്‍പട്ടിക സംബന്ധിച്ച പരാതിയൊന്നും ലഭിച്ചില്ലെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം ശരിയല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.പി. രാജേന്ദ്രന്‍ നാലുതവണ ജില്ലാവരണാധികാരിക്ക് പരാതി നല്‍കി. കൃഷ്ണതേജ പരാതി ഉയര്‍ന്നതലത്തിലേക്ക് നല്‍കിയില്ലെന്ന് സംശയിക്കണം. തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സംഘത്തിലേക്കാണ് കൃഷ്ണതേജ പോയതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുക്രമക്കേട് നടന്നെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തു. ഈ വീട്ടിലിപ്പോള്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ല. വാര്‍ഡ് നമ്പര്‍ 30-ല്‍ വോട്ടുചേര്‍ത്തത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളില്‍ തിരഞ്ഞെടുപ്പ് സമയത്തു പരാതി നല്‍കിയിരുന്നു. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് അന്നത്തെ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടുചെയ്യാം എന്ന നിലപാടാണ് കളക്ടര്‍ സ്വീകരിച്ചതെന്നും ടാജറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ചേര്‍ത്തു എന്നുപറയുന്ന 65,000 വോട്ട് സ്ഥിരം താമസക്കാരുടേതല്ല. അവസാനഘട്ടത്തിലാണ് ചേര്‍ത്തത്. പുതിയ വോട്ടര്‍മാരില്‍ ഭൂരിഭാഗവും 45 മുതല്‍ 70 വയസ്സ് വരെയുള്ളവരാണെന്നും ടാജറ്റ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News