തിരുവനന്തപുരം: വീര്യം, പോരാട്ടം, സമരം ഇവയുടെ ആകെത്തുകയാണ് വിഎസ്. ജനകീയ വിഷയങ്ങളിൽ എന്നും ജനപക്ഷത്തുനിന്ന നേതാവായിരുന്നു അദ്ദേഹം. വിഎസ് എന്ന രണ്ടക്ഷരത്തിൽ കേരളം കണ്ടത് ആശ്രയവും ആശ്വാസവുമായിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങളത്രയും സമരസപ്പെടുത്തലുകളില്ലാത്ത നിരന്തര പോരാട്ടത്തിന്റെ പ്രതീകമായിരുന്നു. ചൂഷണത്തിന് വിധേയരാകുന്നവർക്കൊപ്പം നിലകൊണ്ട അദ്ദേഹം ചൂഷകരെ പ്രതിരോധിക്കാൻ മുന്നിൽ നിന്നു. ഇതാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെ ജനങ്ങളുടെ വിഎസ് ആക്കിമാറ്റിയത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ വളർന്ന് ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കിയ പലരും പതിയെ പാർട്ടി പ്രത്യേയശാസ്ത്രങ്ങളിൽ നിന്നകന്നപ്പോൾ വിഎസ് പ്രത്യേയശാസ്ത്രത്തിൽ നിന്ന് അണുവിട വ്യതിചലിച്ചില്ല. അഴിമതിയോട് സമരസപ്പെടാനും അദ്ദേഹത്തിന് ആയില്ല. ഇതാണ് പാർട്ടിയിലെ ബഹുഭൂരിപക്ഷം വരുന്ന നേതാക്കൾക്ക് അദ്ദേഹത്തോടുള്ള എതിർപ്പ് കൂടാൻ കാരണവും. പക്ഷേ, ആ എതിർപ്പിനൊന്നും കനലിലൂടെ നടന്ന് , സ്വയം വഴിവെട്ടി വളർന്ന വിഎസിനെ തളർത്താനുള്ള ശക്തിയില്ലായിരന്നു. പാർട്ടി കൈവിട്ടപ്പോഴും ജനം അദ്ദേഹത്തിനൊപ്പം നിന്നു. ഒടുവിൽ പാർട്ടിക്ക് ജനഹിതത്തിനൊപ്പം നിൽക്കേണ്ടിവന്നു.
എതിർപാർട്ടിക്കാരിൽ നിന്നുണ്ടായതിനെക്കാൽ തീവ്രമായ എതിർപ്പുകളാണ് അദ്ദേഹത്തിന് പാർട്ടിക്കകത്തുനിന്നുണ്ടായത്. വിഎസിനെയും അദ്ദേഹത്തോടൊപ്പം നിന്നവരെയും കൊടിയ ശത്രുക്കളായാണ് പാർട്ടിക്കുള്ളിലെ ചിലർ കണ്ടിരുന്നത്. പാർട്ടി കെട്ടിപ്പടുക്കാൻ തോക്കിനെയും ബയണറ്റിനെയും ഭയക്കാതെ അദ്ദേഹം പോരാടിയ കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ചില യുവരക്തങ്ങൾ വിഎസിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ വോട്ട്ചെയ്യണമെങ്കിൽ വിഎസിന്റെ സാന്നിദ്ധ്യം ഉറപ്പായും വേണമെന്ന് അവർ വളരെപ്പെട്ടെന്ന് തിരിച്ചറിഞ്ഞു.
നീട്ടിയും കുറിക്കിയുമുള്ള അദ്ദേഹത്തിന്റെ ചാട്ടുളി വാക്കുകൾ അഴിമതിക്കാരെ ഒരിക്കലും വെറുതേ വിട്ടില്ല. വിഎസിന്റെ പ്രചാരണ മികവിന്റെ ഫലം ഏറ്റവും കൂടുതൽ ഉപയോഗിച്ചത് പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ ശത്രുക്കൾ തന്നെയായിരുന്നു. പിണറായിക്ക് മുഖ്യമന്ത്രിയാകാനായി ഒഴിഞ്ഞുകൊടുത്തപ്പോൾ പാർട്ടി വിഎസിന് സമ്മാനിച്ചത് ഭരണപരിഷ്കരണ ചെയർമാൻ സ്ഥാനമായിരുന്നു. ഇത് നൽകുന്നതിൽപ്പോലും പാർട്ടിയിലെ ചില ഉന്നതർക്ക് എതിർപ്പുണ്ടായിരുന്നു. ഒടുവിൽ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിലൂടെയാണ് ഇത് സാദ്ധ്യമായത്. മുഖ്യമന്ത്രിയായി പിണറായിയെ പ്രഖ്യാപിക്കുന്ന വേളയിലായിരുന്നു യെച്ചൂരി വിഎസിനെ കേരളത്തിലെ ഫിദൽ കാസ്ട്രോ എന്ന് വിശേഷിപ്പിച്ചത്.


