KeralaNews

ഇഡിയുടെ വരവും സുരേഷ്ഗോപിയുടെ പദയാത്രയും മുൻകൂട്ടി തീരുമാനിച്ചത്,ലക്ഷ്യം തിരഞ്ഞെടുപ്പ്:വിഎന്‍ വാസവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണസ്ഥാപനങ്ങളില്‍ നടക്കുന്ന ഇഡി അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി വി എൻ വാസവൻ. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ബിജെപിക്ക് കളമൊരുക്കുകയാണ് ഇഡി അന്വേഷണം. ബിജെപിക്ക് തൃശൂരിൽ ജയിക്കാൻ ഇ ഡി അന്വേഷണവും ആയുധമാക്കുകയാണെന്നും വി എൻ വാസവൻ പറഞ്ഞു.

ഇഡി പരിശോധനയിൽ ആർക്കും എതിർപ്പില്ല. അതിന്റെ മറവിൽ സഹകരണ മേഖലയിലാകെ കുഴപ്പം എന്ന് വരുത്തി തീർക്കുന്നത് രാഷ്ട്രീയ നീക്കമാണ്. മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഇപ്പോഴത്തെ ഇഡി അന്വേഷണം.

ഇഡി എപ്പോൾ വരണം, സുരേഷ് ഗോപിയുടെ പദയാത്ര എപ്പോൾ നടത്തണം എന്നൊക്കെ മുൻകൂട്ടി തീരുമാനിച്ചതാണ്. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത് പ്രതിഷേധാർഹമാണെന്നും വി എൻ വാസവൻ പറഞ്ഞു.

ഇഡി മർദ്ദന മുറ വരെ സ്വീകരിക്കുന്നു. ഇതെല്ലാം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കരുവന്നൂർ ബാങ്കിലെ തട്ടിപ്പിൽ സർക്കാർ നടപടികൾ ഫലപ്രദമാണ്. വ്യത്യസ്ത തട്ടിപ്പ് സംബന്ധിച്ച് 30 കേസുണ്ട്. ക്രൈം ബ്രാഞ്ചിന് ഒറ്റയടിക്ക് കേസിൽ കുറ്റപത്രം നൽകാനാവില്ല എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഗാന്ധിജയന്തി ദിനത്തില്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍നിന്ന് പദയാത്ര ആരംഭിക്കുമെന്ന് സുരേഷ് ​ഗോപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് മൂലം പണം നഷ്ടമായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര.

പണം നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും പദയാത്രയില്‍ അണിനിരക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ എം ടി രമേശ് പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button