തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി വി.എന്‍. വാസവന്‍. തകര്‍ന്ന കെട്ടിടം മന്ത്രി ഉരുട്ടിയിട്ടതാണോ എന്നായിരുന്നു മന്ത്രി വാസവന്റെ പരിഹാസരൂപത്തിലുള്ള ചോദ്യം. ഒരു അപകടമുണ്ടായാല്‍ ഉടന്‍ മന്ത്രി രാജിവെക്കണം എന്നാണ് വാദമെങ്കില്‍ വിമാനാപകടമുണ്ടായാല്‍ പ്രധാനമന്ത്രി രാജിവെക്കണം എന്നാണോ ഉദ്ദേശിക്കുന്നതെന്നും വാസവന്‍ ചോദിച്ചു.
‘ബെംഗളൂരുവില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി നടത്തിയ സ്വീകരണപരിപാടി 11 പേരുടെ മരണത്തിനിടയാക്കി. ആ പരിപാടി സംഘടിപ്പിച്ച ഏതെങ്കിലും മന്ത്രി രാജിവെക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടോ? അഹമ്മദാബാദില്‍വിമാനാപകടം ഉണ്ടായി, ഉടന്‍ പ്രധാനമന്ത്രി രാജിവെക്കണം എന്നാണോ പറയുന്നത്? ഒരു വാഹനാപകടം ഉണ്ടായാല്‍ ഉടന്‍ ഗതാഗതമന്ത്രി രാജിവെക്കണോ? ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയനീക്കമാണ്’, മന്ത്രി വാസവന്‍ ആരോപിച്ചു.
‘ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ. കെട്ടിടത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് അപകടം മുന്നില്‍ക്കണ്ട് അത് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ കാലേക്കൂട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നതിന് മുന്‍പ് അപകടം സംഭവിച്ചു. ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമാണ്, വേദനാജനകമാണ്. അതില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്. അതിന്റെ പരിഹാരം കാണണം. അതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്,’ മന്ത്രി പറഞ്ഞു.
അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിനെയും മന്ത്രി വാസവന്‍ പിന്തുണച്ചു. സംഭവസ്ഥലത്തെത്തിയപ്പോള്‍ അറിഞ്ഞ വിവരങ്ങള്‍ മന്ത്രിമാരുമായി പങ്കുവെക്കുക മാത്രമാണ് ഡോ. ജയകുമാര്‍ ചെയ്തതെന്നും അദ്ദേഹത്തെക്കുറിച്ച് അനാവശ്യമായി അപവാദപ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
‘ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സര്‍ജനാണ് ഡോ. ജയകുമാര്‍. സത്യസന്ധനാണ്. കൃത്യനിഷ്ടയോടെ ജോലി ചെയ്യുന്നയാളാണ്. കിട്ടുന്ന ശമ്പളത്തില്‍ ഒരുഭാഗം രോഗികള്‍ക്ക് നല്‍കുന്നയാളാണ്. രോഗികള്‍ അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് കാണുന്നത്. അങ്ങനെ ഒരാളെക്കുറിച്ച് അപവാദം പറയുന്നത് ശരിയല്ല,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

