തൃശ്ശൂര്‍: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവ യുവാക്കള്‍ വശീകരിക്കുന്നുവെന്ന ദീപിക ബാലസഖ്യം ഡയറക്ടര്‍ ഫാദര്‍ റോയ് കണ്ണന്‍ചിറയുടെ പ്രസ്താവന കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തെളിവുണ്ടെങ്കില്‍ നിയമപരമായി പരാതി നല്‍കണം. പാല ബിഷപിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്നാണ് ഫാദര്‍ റോയി കണ്ണന്‍ചിറയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച പാലാ ബിഷപ്പിന്റ വിദ്വേഷ പ്രസ്താവന ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടെയാണ് പുതിയ ആരോപണങ്ങള്‍.
പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കാന്‍ ഈഴവ യുവാക്കള്‍ക്ക് സ്ട്രാറ്റജിക് ആയ പരിശീലനം ലഭിക്കുന്നുവെന്നും അത് തടയാന്‍ സഭയ്ക്കാകുന്നില്ലെന്നുമാണ് വൈദികന്‍ പറയുന്നത്. ഒരു മാസത്തിനുള്ളില്‍ കോട്ടയത്തിന് അടുത്തുള്ള ഇടവകയില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ ഇത്തരത്തില്‍ കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു. വെബ് പോര്‍ട്ടലായ ട്രൂ കോപ്പി തിങ്ക് ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
‘കോട്ടയത്തിന് അടുത്തുള്ള സീറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. സ്ട്രാറ്റജിക് ആയി അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
നമ്മള്‍ ജാഗ്രതയില്ലാത്തവരാണ്. അതാണ് നമ്മള്‍ നേരിടുന്ന വലിയ ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോകുവാന്‍ ശത്രുക്കള്‍ പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും സഭയുടെ എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താനും മാതാപിതാക്കളോട് ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന്റെ ഭദ്രത ഉറപ്പുവരുത്താനും ഇതിനു വേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മതാധ്യാപകര്‍ക്ക്, സമര്‍പ്പിതര്‍ക്ക്, വൈദികര്‍ക്ക് കഴിയുന്നില്ല എന്നുള്ളത് വര്‍ത്തമാന കാല കത്തോലിക്കാ സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.’ എന്നാണ് വൈദികന്റെ വിവാദ പ്രസംഗം.